വാഷിങ്ടൺ: ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ അടുത്ത 24 മണിക്കൂറിനുള്ളിൽ ഗണ്യമായി ഉയർത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സിഎൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. യുഎസ് ഉൽപ്പന്നങ്ങൾക്ക് ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന തന്റെ വാദം ട്രംപ് ആവർത്തിച്ചു.
“ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളിയല്ല. അവർ ഞങ്ങളുമായി വൻതോതിൽ വ്യാപാരം നടത്തുന്നു, എന്നാൽ ഞങ്ങൾക്ക് അവരുമായി തുല്യമായ വ്യാപാരം നടത്താനാകുന്നില്ല. അതിനാൽ ഞങ്ങൾ 25 ശതമാനം തീരുവ നിശ്ചയിച്ചു. എന്നാൽ, ഈ നിരക്ക് അടുത്ത 24 മണിക്കൂറിനുള്ളിൽ ഞാൻ ഗണ്യമായി ഉയർത്തും. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങി റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇന്ധനം നൽകുകയാണ്. അവർ ഇത് തുടർന്നാൽ ഞാൻ സന്തുഷ്ടനാകില്ല,” ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം, തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ, ഇന്ത്യയ്ക്ക് മേൽ തീരുവ ഉയർത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് ഈ നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടിയത്. “ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, അത് ഉയർന്ന ലാഭത്തിന് പൊതുവിപണിയിൽ വിൽക്കുകയും ചെയ്യുന്നു. യുക്രൈനിൽ റഷ്യ മൂലം എത്ര പേർ കൊല്ലപ്പെടുന്നു എന്നതിൽ അവർക്ക് ആശങ്കയില്ല. അതിനാൽ, ഇന്ത്യ യുഎസിന് നൽകേണ്ട തീരുവ ഞാൻ ഉയർത്തും,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ജൂലൈ 30-ന്, ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ചരക്കുകൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേര് പറഞ്ഞ് ഇന്ത്യയ്ക്ക് പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാരത്തിലെ അസന്തുലിതാവസ്ഥയും റഷ്യയിൽനിന്ന് ഇന്ത്യ വൻതോതിൽ എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.