ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ വിളിച്ചു. തുടർന്ന് മോദി എക്സ് വഴി ട്രംപിന് നന്ദി അറിയിച്ചു.
ന്യൂഡൽഹിയിൽ ഇന്ത്യ-യു.എസ് വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ ആശംസ. “എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി. 75-ാം ജന്മദിനത്തിൽ ഫോണിൽ വിളിച്ച് ആശംസിച്ചതിന്. നിങ്ങളെപ്പോലെ, ഇന്ത്യ-യു.എസ് പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നു,” മോദി എക്സിൽ കുറിച്ചു.
റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങിയതിന് യു.എസ് ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും 25 ശതമാനം പിഴത്തീരുവയും ചുമത്തിയ ശേഷം നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണ് ഡൽഹിയിൽ പുരോഗമിക്കുന്നത്.