വാഷിംഗ്ടൺ– റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യയുടെ മേൽ താരിഫ് വർധിപ്പിക്കുമെന്ന പറഞ്ഞ ട്രംപ് ഈ അതൃപ്തിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തമായ ധാരണയുണ്ടെന്നും വ്യക്തമാക്കി. ഞായറാഴ്ച ഫ്ലോറിഡയിൽ നിന്ന് വാഷിംഗ്ടൺ ഡി.സിയിലേക്ക് എയർഫോഴ്സ് വണ്ണിൽ യാത്ര ചെയ്യവെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവർ (ഇന്ത്യ) എന്നെ സന്തോഷിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. മോദി വളരെ നല്ലൊരു മനുഷ്യനാണ്. പക്ഷേ ഞാൻ ഈ കാര്യത്തിൽ സന്തുഷ്ടനല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമാണ്. അവർ വ്യാപാരം ചെയ്യുന്നുണ്ട്, അതിനാൽ ഞങ്ങൾക്ക് അവരുടെ മേൽ വളരെ വേഗത്തിൽ നികുതി വർധിപ്പിക്കാൻ സാധിക്കും. അത് അവർക്ക് വലിയ തിരിച്ചടിയാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
റഷ്യയുടെ അടുത്ത് നിന്ന് ഇന്ത്യയുടെ തുടർച്ചയായ എണ്ണ വാങ്ങുന്നതിനെതിരെ നിരവധി തവണ ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ റഷ്യയെ ശക്തിപ്പെടുത്തുകയാണെന്ന് ആരോപിച്ച ട്രംപ് 2025 ഓഗസ്റ്റിൽ ഇന്ത്യയുടെ മേലുള്ള തീരുവ 50% വർധിപ്പിച്ചിരുന്നു.



