ബംഗളൂരു- കർണാടകയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു. കൊപ്പൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഡാമിന്റെ പത്തൊൻപതാമത്തെ ഷട്ടറിന്റെ ചങ്ങലയാണ് ശനിയാഴ്ച രാത്രി പൊട്ടിയത്. ഇതിലൂടെ 35000 ക്യുസെക്സ് വെള്ളം പുറത്തേക്കൊഴുകി. 35 ഗേറ്റുകളാണ് ഡാമിനുള്ളത്. ഇതോടെ ഡാം തകരുന്നത് ഒഴിവാക്കാൻ എല്ലാ ഗേറ്റുകളും ഉദ്യോഗസ്ഥർ തുറന്നുവിട്ടു.
കൊപ്പൽ, വിജയനഗര,ബെല്ലാരി, റായിച്ചൂർ എന്നീ ജില്ലകളഇൽ അധികൃതർ അതീവജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. മുല്ലപ്പെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡാമാണിത്. ഡാമിൽനിന്ന് 60,000 മില്യൺ ക്യൂബിക് ഫീറ്റ് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടാൽ മാത്രമേ അറ്റകുറ്റ പണികൾ സാധ്യമാകൂ. കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കർഷകർ ആശ്രയിക്കുന്നത് തുംഗഭദ്ര അണക്കെട്ടിൽനിന്നുള്ള വെള്ളമാണ്.