മംഗളൂരു: മംഗളൂരുവിലെ ഉള്ളാളിലെ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ മൂന്ന് യുവതികൾ മുങ്ങി മരിച്ചു. കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
മൈസൂരു സ്വദേശികളായ എൻ കീർത്തന (21), എം.ഡി നിഷിദ (21), എസ് പാർവതി (20) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് മൂവരും റിസോർട്ടിൽ മുറിയെടുത്തതെന്ന് റിസോർട്ട് അധികൃതർ പറഞ്ഞു. ഇന്ന് രാവിലെ പത്തരയോടെയാണിവർ കുളിക്കാനിറങ്ങി അപകടത്തിൽ പെട്ടത്.
ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന പൂളിൽ മുങ്ങിപോയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേർ കൂടി അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ടെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും തുടർ നടപടികൾ സ്വീകരിച്ചതായും ഉളാളാൾ പോലീസ് ഇൻസ്പെക്ടർ എച്ച്.എൻ ബാലകൃഷ്ണൻ പറഞ്ഞു.