ന്യൂഡൽഹി– രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ അടക്കമുള്ള വിഷയങ്ങൾ വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പുനെ കോടതിയിൽ സവർക്കെതിരായ പരാമർശത്തിലുള്ള കേസ് വാദത്തിനിടെ അഭിഭാഷകൻ മിലിന്ദ് ദത്താത്രയ പവാർ മുഖേനയാണ് രാഹുൽ ഗാന്ധി കോടതിയിൽ ഹരജി സമർപ്പിച്ചത്. തന്റെ സുരക്ഷ, കേസിലെ നടപടികളുടെ നിക്ഷ്പക്ഷത എന്നിവയിലുള്ള ആശങ്കകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരാതിക്കാരനായ നാഥുറാം ഗോഡ്‌സെയുടെ പിന്മുറക്കാരിൽ നിന്നാണ് ജീവന് ഭീഷണിയെന്നും രാഹുൽ ഗാന്ധി അപേക്ഷയിൽ പറഞ്ഞു. ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളിലും അക്രമത്തിലും ചരിത്രമുള്ള കുടുംബമാണ് പരാതിക്കാരന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള സാഹചര്യത്തിൽ ഗാന്ധി കൊല്ലപ്പെട്ടതു പോലെ താനും കൊല്ലപ്പെട്ടേക്കാം എന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
രാജ്യത്തെ ഒന്നാം നമ്പർ തീവ്രവാദിയെന്ന ബിജെപി നേതാക്കളുടെ പരാമർശങ്ങളും, ഇന്ദിരാഗാന്ധിയുടെ അതേ വിധിയായിരിക്കുമെന്ന ഭീഷണിയും രാഹുൽ ഗാന്ധി ഹരജിയിൽ ചൂണ്ടിക്കാട്ടി. 2023 ലണ്ടനിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സത്യകി സവർക്കർ രാഹുൽ ഗാന്ധിക്ക് എതിരെ മാനനഷ്ടക്കേസ് നൽകിയത്.