കോഴിക്കോട്: മാവൂരിൽനിന്നും മകളെയുമെടുത്ത് യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭർതൃമതിയായ യുവതിയെ ഡൽഹിയിൽനിന്നും നാട്ടിലെത്തിച്ച് മാവൂർ പോലീസ്. ഡൽഹി എയർപോർട്ട് വഴി ഹൈദാരാബദിലേക്ക് പുറപ്പെടാനിരിക്കെയാണ് കാമുകനെയും യുവതിയെയും കുട്ടിയെയും പോലീസ് തിരികെ നാട്ടിലെത്തിച്ചത്.
കഴിഞ്ഞ മൂന്നാം തിയ്യതിയാണ് യുവതിയെയും ആറ് വയസുകാരിയായ മകളെയും വീട്ടിൽനിന്നും കാണാതായത്. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ മകളുമായി യുവതി കാമുകനൊപ്പം പോയതാണെന്ന് പോലീസിന് മനസ്സിലായി. തുടർന്ന് സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശാനുസരണം മാവൂർ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ മൈസുരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഫോണും സിം കാർഡും ഉപേക്ഷിച്ചതിനാൽ ശ്രമം വിജയം കണ്ടില്ല. പിന്നീട് യുവാവിന്റെ പഴയ ഫോൺ കോൾ ലിസ്റ്റുകൾ പരിശോധിച്ച സംഘം നിരവധി നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നിർണായകമാവുകയായിരുന്നു.
ഇയാൾ യുവതിയെയും കുട്ടിയെയും കൂട്ടി രാജ്യ തലസ്ഥാനത്തുനിന്നും വിമാനമാർഗം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അതി വിദഗ്ധമായി സി.ഐ.എസ്.എഫിന്റെ സഹായത്തോടെയാണ് മൂന്നുപേരെയും നാട്ടിലെത്തിച്ചത്.