മുംബൈ– രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ച് വേദി പങ്കിട്ട് സഹോദരന്മാരായ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും നവനിർമാൺ സേനാ നേതാവ് രാജ് താക്കറെയും. കേന്ദ്ര സർക്കാറിന്റെ പ്രൈമറി ക്ലാസ്സുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് പരാജയപ്പെടുത്തിയതിന്റെ ആഘോഷ പരിപാടിയിലാണ് പിണക്കം മറന്ന് ഇരുവരും ഒന്നിച്ചത്. ഒന്നിച്ചത് ഒരുമിച്ച് നിൽക്കാൻ വേണ്ടിയാണ് എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
“ഹിന്ദിക്ക് എന്തുകൊണ്ടാണ് ഇത്ര പ്രാധാന്യം? ഇത് ഭാഷായോടുള്ള സ്നേഹമല്ല, മറിച്ച് ഒരു അജണ്ടയാണ്. നമ്മുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടക്കുന്നു.” രാജ് താക്കറെ പറയുന്നു. ബിജെപി നേതാക്കളുടെ മക്കൾ മിഷനറി സ്കൂളിൽ പഠിക്കുമ്പോൾ അവരുടെ ഹിന്ദു സ്വത്വത്തെ ആരും ചോദ്യം ചെയ്തിട്ടില്ല, എന്നാൽ നമ്മുടെ കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുമ്പോൾ നമ്മുടെ മറാത്തി സ്വത്വം ചോദ്യം ചെയ്യപ്പെടുന്നെന്നും ഇത് ഞങ്ങൾ സഹിക്കില്ല എന്നും രാജ് താക്കറെ കൂട്ടിചേർത്തു.
എതിർപ്പിനെ തുടർന്ന് ത്രിഭാഷാ പദ്ധതി പിൻവലിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനം മറാത്തി സ്വത്വത്തിന്റെ വിജയമാണെന്നാണ് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെ പറഞ്ഞു. ബാലാ സാഹിബിന് ചെയ്യാൻ സാധിക്കാത്തത് ഫഡ്നാവിസ് ചെയ്തു എന്നാണ് രാജ് താക്കറെ പുനഃസമാഗമത്തെ വിശേഷിപ്പിച്ചത്. ഞങ്ങൾ ഒന്നിച്ചത് ഒരുമിച്ച് നിൽക്കാനാണെന്നും ഒന്നിച്ചത് മറാത്തിയെ സംരക്ഷിക്കാനാണെന്നും ആണ് ഉദ്ധവ് താക്കറെ പറഞ്ഞത്.
മഹാരാഷ്ട്രയിലെ ഉന്നത രാഷ്ട്രീയ കുടുംബം ആണ് താക്കറെ കുടുംബം. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ സഹോദരന്റെ പുത്രനാണ് രാജ്. ഉദ്ധവിനെ പിൻഗാമിയാക്കാൻ ബാൽ താക്കറെ തീരുമാനിച്ചതോടെയാണ് രാജ് ശിവസേന വിട്ടത്. വരാനിരിക്കുന്ന മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും മറ്റ് തദ്ദേശ സ്വയംഭരണ തെറഞ്ഞെടുപ്പിലും താക്കറെ സഹോദരന്മാർ ഒരുമിച്ച് നിൽക്കുമെന്ന് തന്നെയാണ് ശിവസേന പ്രവർത്തകരുടെ പ്രതീക്ഷ. താക്കറെ സഹോദരങ്ങളുടെ പുനഃസമാഗമം ബിജെപിക്കുള്ള കനത്ത പ്രഹരമായിരിക്കും.