റായ്പൂർ – ജോലിയില്ലാതെ സാമ്പത്തികമായി തകർന്നിരിക്കുന്ന ഭർത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ദുർഗ് സ്വദേശികളായ ദമ്പതികളുടെ വിവാഹമോചന ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ ഭർത്താവിനെ പരിഹസിക്കുക, കാരണമില്ലാതെ ഭർത്താവിനെയും മകനെയും ഉപേക്ഷിക്കുക, കോടതി നടപടിക്രമങ്ങളിൽ ഹാജരാകാതിരിക്കുക എന്നീ കാര്യങ്ങൾ പരിഗണിച്ച് കോടതി ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചു. ജസ്റ്റിസ് രജനി ദുബെ, ജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി.
1996 ലാണ് ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. 19 വയസുള്ള മകളും 16 വയസുള്ള മകനുമാണ് ഇവര്‍ക്കുള്ളത്. കോവിഡ് സമയത്തായിരുന്നു ഭര്‍ത്താവിന്‍റെ ജോലി നഷ്ടമായത്. ഇതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായ ഇയാളെ ഭാര്യ പരിഹസിച്ചിരുന്നു.
2020 ഓഗസ്റ്റില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് അഭിഭാഷകയായ ഭാര്യ മകളെയും കൂട്ടി മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയുതു. ഇതോടെ ഭാര്യയുടെ പ്രവൃത്തി ഒളിച്ചോട്ടത്തിന് തുല്യമാണെന്ന് കണ്ടെത്തിയ കോടതി ഇവരുടെ പ്രവർത്തികൾ ഭർത്താവിനെ മാനസിക പീഡനത്തിന് ഇടയാക്കിയതായി കണ്ടെത്തി. തുടർന്ന് വിവാഹമോചനത്തിന് അനുവദിക്കുകയായിരുന്നു.