ചെന്നൈ: തമിഴ്നാട്ട് മന്ത്രിസഭ പുനസംഘടിപ്പിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചു. മുൻ ഗതാഗത മന്ത്രി സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിയായി നിയമിച്ചു.
എഐഎഡിഎംകെ ഭരണകാലത്ത് നടന്ന പണമിടപാട് കുംഭകോണത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് 15 മാസമായി ജയിലിൽ കഴിയുന്ന ബാലാജിക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചത്. മന്ത്രിസഭ പുനസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഗവർണർക്ക് കത്തു നൽകി.
ഞായറാഴ്ച വൈകിട്ട് 3.30ന് ഉദയനിധി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. പുനഃസംഘടനയോടെ സ്റ്റാലിൻ്റെ മകനും കായിക- യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയുടെ നേതൃത്വത്തിലുള്ള യുവനിര മന്ത്രിസഭയിൽ ശക്തിയാർജിക്കും. ഡിഎംകെയിൽ ഉദയനിധിക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് പുതിയ പദവി.