ന്യൂഡല്‍ഹി – പതിനഞ്ച് വയസ്സ് കഴിഞ്ഞ മുസ്‌ലിം പെണ്‍കുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് സുപ്രീം കോടതി. 2022ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവ് ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മിഷൻ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി.
മുസ്ലിം വ്യക്തിനിയമപ്രകാരം, പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കാന്‍ രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി. 16കാരിയും 21കാരനും വീട്ടുകാരിൽ നിന്ന് സുരക്ഷ ആവശ്യപ്പെട്ട് നൽകിയ കേസിലാണ് വിധി. പതിനഞ്ചുകാരിയെ വിവാഹം കഴിച്ചയാള്‍ക്കെതിരേ വീട്ടുകാര്‍ പോക്‌സോ കേസ് നല്‍കിയിരുന്നു.
പ്രായപൂര്‍ത്തിയാവാതെ വിവാഹം കഴിച്ചവരെ സംരക്ഷിച്ചുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യാന്‍ ബാലാവകാശകമ്മീഷന് എന്തുകാര്യമാണെന്നും സുപ്രീംകോടതി ചോദിച്ചു. വിഷയത്തില്‍ നിയമപ്രശ്‌നം ഇല്ലെന്നും അത് ഉചിതമായ കേസില്‍ ഉന്നയിച്ചുകൊള്ളാനും സുപ്രീംകോടതി നിര്‍ദേശിച്ചു.