ന്യൂദൽഹി: ക്രിമിനൽ കേസുകളിൽ പ്രതികളായവരുടെ കെട്ടിടങ്ങളും വീടുകളും പൊളിക്കുന്ന ബുൾഡോസർ രാജ് നിർത്തിവെക്കണമെന്ന് സുപ്രീം കോടതി. ‘ബുൾഡോസർ നീതി’യ്‌ക്കെതിരായ വാദം കേൾക്കുന്ന സുപ്രീം കോടതി ബെഞ്ചാണ് ഉത്തരവിട്ടത്. ഒക്ടോബർ 1 വരെ ഇന്ത്യയിൽ എവിടെയും സ്വകാര്യ സ്വത്ത് അനധികൃതമായി പൊളിക്കുന്നത് കോടതി വിലക്കി.
സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉത്തരവിനെ എതിർത്തെങ്കിലും കോടതി അനുവദിച്ചില്ല. ഉത്തരവ് ഇതേവരെ പൊളിച്ച കെട്ടിടങ്ങളുടെ കാര്യത്തിൽ നിയമപരമായ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സോളിസിറ്റർ ജനറൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അടുത്ത വാദം കേൾക്കുന്നത് വരെ നിങ്ങളുടെ കൈകൾ പിടിക്കാൻ ആവശ്യപ്പെട്ടാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് ജസ്റ്റിസ് ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ബുൾഡോസർ നീതി എന്ന ആചാരത്തിന്റെ മഹത്വവൽക്കരണത്തിന് എതിരെയും കോടതി രംഗത്തെത്തി. കോടതിയുടെ അനുമതിയില്ലാതെ അടുത്ത തീയതി വരെ കെട്ടിടങ്ങൾ പൊളിക്കരുതെന്ന് മുന്നറിയിപ്പ് കോടതി ആവർത്തിച്ചു.
അനധികൃതമായി പൊളിക്കുന്ന ഒരു സംഭവമുണ്ടായാൽ പോലും അത് ഭരണഘടനയുടെ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്ന് കോടതി മുന്നറിയിപ്പ് നൽകി. അതേസമയം, റോഡുകൾ, റെയിൽവേ ട്രാക്കുകൾ, ജലാശയങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിന് ഉത്തരവ് ബാധകമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിൽ പങ്കാളികളാകുന്നത് കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള ന്യായീകരണമല്ലെന്ന് ഗുജറാത്തിൽനിന്നുള്ള ഹരജിക്കാരൻ വാദിച്ചു. അയൽപക്കത്ത് ഒരു വീട് മാത്രം ‘അനധികൃത’മാകുന്നതെങ്ങനെയെന്ന് മറ്റൊരു ഹരജിക്കാരനും ചോദിച്ചു. അഹിന്ദുക്കളുടെ, പ്രത്യേകിച്ച് മുസ്ലീം സമുദായാംഗങ്ങളുടെ സ്വത്ത് ലക്ഷ്യമാക്കിയാണ് ബുൾഡോസറുകൾ പ്രവർത്തിച്ചതെന്ന വാദത്തെ തുഷാർ മേത്ത എതിർത്തു. “മധ്യപ്രദേശിൽ നടപടിക്രമങ്ങൾ പാലിച്ച് 70 കടകൾ തകർത്തുവെന്നും ഇതിൽ 50-ലധികം കടകൾ ഹിന്ദുക്കളുടേതായിരുന്നുവെന്നും മേത്ത പറഞ്ഞു.