ന്യൂഡൽഹി– ബംഗാളി മുസ്‌ലിം തൊഴിലാളികളെ ബംഗ്ലാദേശികളായി കണക്കാക്കി തടങ്കലിൽ വെച്ചതിന് കേന്ദ്ര സർക്കാരിനും ഒമ്പത് സംസ്ഥാനങ്ങൾക്കും സുപ്രീം കോടതിയുടെ നോട്ടീസ് . കേന്ദ്ര സർക്കാറിനോടും, ഒഡീഷ, രാജസ്ഥാൻ, മഹാരാഷ്ട്ര, ഡൽഹി, ബിഹാർ, യുപി, ഛത്തീസ്‌ഗഢ്, ഹരിയാന, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളോടുമാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്‌ചി എന്നിവർ അടങ്ങിയ ബെഞ്ച്, ബംഗാളി മുസ്‌ലിം തൊഴിലാളികളെ ബംഗ്ലാദേശികളെന്ന് ആരോപിച്ച് തടങ്കലിൽ വെച്ചതിനെതിരെ പശ്ചിമ ബംഗാൾ കുടിയേറ്റ തൊഴിലാളി ക്ഷേമ ബോർഡ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചു. മെയ് മാസത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങൾ ബംഗാളി മുസ്‌ലിം തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതായി ഹർജിയിൽ പറയുന്നുണ്ട്.
പരിശോധനയിൽ, തടങ്കലിൽ വെച്ചവരിൽ ഏറെപ്പേരും ഇന്ത്യൻ പൗരന്മാരാണെന്ന് കണ്ടെത്തിയതായി ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു. കഴിഞ്ഞ മാസം ഗുരുഗ്രാമിൽ വെസ്റ്റ് ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ബംഗാളി സംസാരിക്കുന്ന തൊഴിലാളികളെ, ഭൂരിഭാഗവും മുസ്‌ലിംകളെ, ബംഗ്ലാദേശികളെന്ന് സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ‘സ്ഥിരീകരിച്ച ബംഗ്ലാദേശികൾ’ എന്ന് വിശേഷിപ്പിച്ച 10 പേർ ഒഴികെ മറ്റെല്ലാവരെയും പിന്നീട് വിട്ടയച്ചതായും റിപ്പോർട്ടിൽ പറയുന്നു.