ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു പറ്റം ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ഏഴു ദിവസം അനുദിച്ചു. ശേഷം ഈ മറുപടി പരിശോധിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അഞ്ചു ദിവസവും അനുവദിച്ചു. ഇതിനു ശേഷം മാത്രമെ ഇടക്കാല ഉത്തരവിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിയമം സ്റ്റേ ചെയ്യുന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചില്ല. കേസ് മേയ് അഞ്ചിന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. അന്നായിരിക്കും ഇടക്കാല ഉത്തരവിന്റെ കാര്യം തീരുമാനിക്കുക.
വഖഫ് നിയമത്തിനെതിരെ പത്ത് ഹര്‍ജികളാണ് സുപ്രീം കോടതി മുമ്പാകെ വന്നത്. ഇത്രയും ഹര്‍ജികള്‍ കൈകാര്യം ചെയ്യാന്‍ സാധ്യമല്ല. ഇതില്‍ അഞ്ച് ഹര്‍ജികള്‍ മാത്രമെ പരിഗണിക്കൂവെന്നും കോടതി വ്യക്തമാക്കി. വ്യാഴാഴ്ച ഹര്‍ജികള്‍ പരിഗണനയ്ക്ക് എടുത്തപ്പോള്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കാന്‍ ഏഴു ദിവസം വേണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഈ ഏഴു ദിവസത്തേക്ക് വഖഫ് ബോര്‍ഡുകളിലേക്കും കേന്ദ്ര വഖഫ് കൗണ്‍സിലിലും ഒരു അംഗത്തേയും ചേര്‍ക്കില്ലെന്നും ഒരു വഖഫ് സ്വത്തും ഡി-നോട്ടിഫൈ ചെയ്ത് വഖഫ് അല്ലാതാക്കി മാറ്റില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതായി സോളിസിറ്റിര്‍ ബെഞ്ചിനെ ബോധിപ്പിച്ചു. ഇതു കണക്കിലെടുത്താണ് മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഏഴു ദിവസം അനുവദിച്ചത്.