ന്യൂഡൽഹി– ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ തിരിച്ചടി. 2025 ആഗസ്റ്റ് 1-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാൻ കോടതി കമ്മീഷനോട് ആവശ്യപ്പെട്ടു.
ഒഴിവാക്കിയവരുടെ പട്ടികയും കാരണങ്ങളും ചൊവ്വാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കണമെന്നും, ആധാർ കാർഡ് പൗരത്വ രേഖയായി അംഗീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, വോട്ടർ പട്ടിക പുനഃപരിശോധനയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്.
തുടർന്ന് നിരവധി ചോദ്യങ്ങൾ കമ്മീഷനെതിരെ സുപ്രീ കോടതി ചോദിക്കുകയുണ്ടായി. മരിച്ചവരെ കണ്ടെത്തി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഉപയോഗിച്ച സംവിധാനം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കാട്ടി ഒഴിവാക്കിയെന്ന ആരോപണം ഗൗരവമായി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.രാഷ്ട്രീയ പാർട്ടികളുടെ സഹായത്തോടെയാണ് മരിച്ചവരെ ഒഴിവാക്കിയതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടിയെ കോടതി വിമർശിച്ചു. കുടുംബാംഗം മരിച്ചെന്ന് ബന്ധുക്കൾ തന്നെ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. മരിച്ചതായി കാട്ടി ഒഴിവാക്കിയ 22 ലക്ഷം പേരുടെ പട്ടിക എന്തുകൊണ്ട് പ്രസിദ്ധീകരിച്ചില്ലെന്നും, എല്ലാ വിഭാഗങ്ങളിലെയും വോട്ടർമാരുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കാത്തത് എന്തുകൊണ്ടെന്നും സുപ്രീം കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ യുക്തിസഹവും പൗരന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തതുമാകണമെന്നും, പൗരന്മാർക്ക് ആശ്വാസമാകുന്ന പരിഷ്കരണങ്ങൾ സ്വീകരിക്കണമെന്നും കോടതി ഊന്നിപ്പറഞ്ഞു.