ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിൽ സുപ്രിം കോടതി വിധി പറയുന്നത് മാറ്റിവെച്ചു. നിയമം സ്റ്റേ ചെയ്യണമോ എന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് പിന്നീട് ഇടക്കാല വിധി പ്രഖ്യാപിക്കും. ഹർജിക്കാർക്കും കേന്ദ്ര സർക്കാരിനും വേണ്ടി നടന്ന വാദങ്ങൾ പൂർത്തിയായി.
മൂന്ന് ദിവസത്തെ തുടർച്ചയായ വാദം കേട്ട ശേഷമാണ് കോടതി വിധി മാറ്റിവെച്ചത്. ഇടക്കാല വിധി എപ്പോൾ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
സുപ്രിം കോടതിയിൽ കേന്ദ്ര സർക്കാർ വാദിച്ചത്, വഖഫ് ഭേദഗതി നിയമത്തിൽ ഭരണഘടനാ വിരുദ്ധത ഇല്ലെന്നാണ്. നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ലെന്നും, വഖഫ് നിയമത്തിൽ നിർവചിക്കപ്പെട്ട പട്ടികവർഗ മേഖലകളിലെ ജനവിഭാഗങ്ങളുടെ സ്വത്ത് സംരക്ഷണം ഭരണഘടനാപരമാണെന്നും കേന്ദ്രം വ്യക്തമാക്കി. മുൻകാല സുപ്രിം കോടതി വിധികളിലൂടെ ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വാദം ഉന്നയിച്ചു. കേന്ദ്ര സർക്കാരിന്റെ വാദം ഇന്ന് ഉച്ചയോടെ പൂർത്തിയായി.
ഉച്ചയ്ക്ക് ശേഷം ഹർജിക്കാരുടെ വാദവും പൂർത്തിയായി. കേന്ദ്രത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടാണ് ഹർജിക്കാർ എതിർവാദം നടത്തിയത്. 200 വർഷം മുമ്പ് ശവസംസ്കാരത്തിനായി സർക്കാർ വിട്ടുനൽകിയ ഭൂമി എങ്ങനെ തിരിച്ചെടുക്കാനാകുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ ചോദിച്ചു. വഖഫ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമാണെന്ന് അഭിഭാഷകൻ രാജീവ് ധവാൻ വ്യക്തമാക്കി.