ന്യൂഡൽഹി– നാലുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട കേസിൽ പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ച ഗുരുഗ്രാം പോലീസിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സുപ്രീം കോടതി. പോലീസിന്റെ നടപടികൾ അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും ഇരയോടുള്ള അനാദരവുമാണെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഗുരുഗ്രാം പോലീസ് കമ്മീഷണർ വികാസ് കുമാർ അറോറ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കും, കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിൽ മാറ്റം വരുത്തിയ ഡോക്ടർക്കും, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾക്കും കോടതി കാരണംകാണിക്കൽ നോട്ടീസ് അയച്ചു.
കേസ് പുനരന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച കോടതി, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ ഓരോന്നായി എടുത്തുപറഞ്ഞു. കമ്മീഷണർ മുതൽ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ വരെ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചുവെന്നും, കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴികളെ അവിശ്വസിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും കോടതി കുറ്റപ്പെടുത്തി. പോക്സോ നിയമത്തിലെ ഗൗരവമേറിയ വകുപ്പുകൾ വെട്ടിമാറ്റി ശിക്ഷ കുറഞ്ഞ വകുപ്പുകൾ ചേർത്തത് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലമാണെന്നും, പോലീസിന് നിയമത്തെക്കുറിച്ച് പ്രാഥമിക അറിവുപോലുമില്ലാത്തത് ലജ്ജാകരമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
നാലു വയസ്സുകാരിയുടെ നിഷ്കളങ്കതയെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ ഉടൻ സ്ഥലം മാറ്റണമെന്നും സംസ്ഥാന സർക്കാരിന് നിയമത്തോട് അല്പമെങ്കിലും ബഹുമാനമുണ്ടെങ്കിൽ ഇതിന് തയ്യാറാകണമെന്നും കോടതി നിർദ്ദേശിച്ചു. ഇരയുടെ പേര് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ നടപടിയെയും കോടതി രൂക്ഷമായി വിമർശിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളുടെ യോഗ്യതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ച കോടതി, ഇവരുടെ നിയമനത്തെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ഹരിയാന സർക്കാരിനോട് ഉത്തരവിട്ടു. നീതി നടപ്പാക്കുന്നതിനു പകരം ഇരയെ വീണ്ടും വേദനിപ്പിക്കുന്ന രീതിയിലുള്ള അന്വേഷണമാണ് നടന്നതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.



