ന്യൂദല്‍ഹി. രാജ്യത്ത് ആരാധനാലയങ്ങള്‍ക്കെതിരെ ഇനി കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും, ഗ്യാന്‍വാപി മസ്ജിദ്, മഥുര ഈദ് ശാഹി മസ്ജിദ്, സംഭല്‍ ജമാ മസ്ജിദ് തുടങ്ങിയ നിലവിലുള്ള കേസുകളില്‍ അന്തിമ ഉത്തരവുകളോ സര്‍വെ ഉത്തരുവകളോ പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അതേസമയം, മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കുമെതിരെ നിലവിലുള്ള കേസുകളിലെ നടപടികള്‍ സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു.
Also Read > ആരാധനാലയ നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കാൻ പ്രത്യേക സുപ്രീം കോടതി ബെഞ്ച്
1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു പറ്റം ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് വ്യാഴാഴ്ച സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടത്. ആരാധനാലയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ നാലാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഈ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ആര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്താനും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
രാജ്യത്ത് വിവിധയിടങ്ങളിലായി 10 മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കുമെതിരെ ആകെ 18 കേസുകളാണ് നിലവില്‍ കോടതികളിലുള്ളത്. സിവില്‍ കോടതികള്‍ക്ക് സുപ്രീം കോടതിയോട് മത്സരിക്കാനാകില്ല. അതുകൊണ്ടാണ് നടപടികള്‍ക്ക് സ്റ്റേ വേണ്ടി വന്നതെന്ന് ജസ്റ്റിസ് കെ. വി വിശ്വനാഥന്‍ സോളിസിറ്റര്‍ ജനറല്‍ തുശാര്‍ മേത്തയോട് പറഞ്ഞു.
രാജ്യത്തെ പഴയ ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം 1947 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന സ്ഥിതിയില്‍ നിന്ന് മാറ്റുന്നത് വിലക്കുന്ന നിയമമാണ് 1991ലെ ആരാധനാലയ നിയമം. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ ഒരു പറ്റം ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. ഈ നിയമം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്, ഡിഎംകെ, ആര്‍ജെഡി, എന്‍സിപി ശരത് പവാര്‍ തുടങ്ങി നിരവധി കക്ഷികള്‍ കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ആരാധനായല നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയത്തുല്‍ ഉലമായെ ഹിന്ദ് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയും കോടതി ഇന്ന് ലിസ്റ്റ് ചെയ്തു.