ന്യൂദൽഹി: ആർ.എസ്.എസ് നേതാവ് വി.ഡി സവർക്കർക്ക് എതിരായ പരാമർശങ്ങളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. അതേസമയം, രാഹുൽ ഗാന്ധിക്ക് എതിരായ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. സവർക്കറിനെതിരെ കൂടുതൽ അപമാനകരമായ പരാമർശങ്ങൾ നടത്തരുതെന്ന് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിൽ അദ്ദേഹം “ആരാധിക്കപ്പെടുന്നു” എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്. അത്തരം പരാമർശങ്ങളിൽ തുടർന്നാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
“നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ പ്രസ്താവനകൾ നടത്താൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. അടുത്തതായി ആരെങ്കിലും മഹാത്മാഗാന്ധി ‘ബ്രിട്ടീഷുകാരുടെ സേവകൻ’ എന്നും പറഞ്ഞേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. വൈസ്രോയിയെ അഭിസംബോധന ചെയ്യുമ്പോൾ ഗാന്ധിജി ‘നിങ്ങളുടെ വിശ്വസ്ത ദാസൻ’ എന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് നിങ്ങളുടെ കക്ഷിക്ക്(രാഹുൽ ഗാന്ധിക്ക്) അറിയാമോ എന്ന് ചോദിച്ച കോടതി, പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഒരു മാന്യദേഹത്തെ പ്രശംസിച്ച് കത്തയച്ച മുത്തച്ഛനെ നിങ്ങളുടെ ക്ലയന്റിന് അറിയാമോ?” എന്നും ചോദിച്ചു.
“സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തരുതെന്നും കൂടുതൽ വിവാദപരമായ പരാമർശങ്ങൾ നടത്തിയാൽ കോടതി സ്വമേധയാ കേസെടുക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.