മുബൈ- പ്രമുഖ വ്യവസായി രാഹുൽ ബജാജിന്റെ മകളും കമൽനയൻ ബജാജ് ഹാൾ ആന്റ് ആർട്ട് ഗാലറിയുടെ ഡയറക്ടറുമായ സുനൈന കെജ്രിവാൾ(53) അന്തരിച്ചു. കഴിഞ്ഞ മൂന്നു വർഷമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. രാജീവ്, സഞ്ജീവ് ബജാജ് എന്നിവരാണ് സഹോദരങ്ങൾ.
കേദാര ക്യാപിറ്റലിൻ്റെ സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ മനീഷ് കെജ്രിവാളാണ് ഭർത്താവ്. ആര്യമാൻ, നിർവാൻ എന്നിവരാണ് മക്കൾ. ആര്യമാൻ കൊളംബിയ സർവകലാശാലയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. നിർവാൻ ബോംബെ ഇൻ്റർനാഷണൽ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
കളിമൺപാത്രങ്ങൾ, നാടകം, യാത്രകൾ എന്നിവയോട് താൽപ്പര്യങ്ങളുള്ള സുനൈന കലകളോട് അഭിനിവേശമുള്ള ആളുമായിരുന്നു. പൂനെയിലെ എസ്എൻഡിടി കോളേജിൽ നിന്ന് ടെക്സ്റ്റൈൽസിൽ സ്പെഷ്യലൈസ് ബിരുദം നേടിയ സുനൈന മുംബൈയിലെ സോഫിയ കോളേജിൽ ഒരു വർഷത്തെ സിൽക്ക് സ്ക്രീൻ പ്രിൻ്റിംഗ് കോഴ്സും പൂർത്തിയാക്കി.