ശ്രീനഗർ – കശ്മീരിലെ ഉൾഗ്രാമത്തിൽ നിന്ന് സാമൂഹ്യ പ്രവർത്തകനിലേക്കുള്ള ആരിഫ് നഖ്ഷബന്ദിയുടെ യാത്ര അത്ര പെട്ടെന്ന് സംഭവിച്ചതായിരുന്നില്ല. ഈ വർഷം ആഗോള മനുഷ്യാവകാശ, ഉത്തം ഭാരത് പുരസ്‌കാരങ്ങൾക്കർഹനായ യുവാവ് തന്റെ ബഹുമതികളെല്ലാം സമൂഹത്തിലെ നല്ല മാറ്റത്തിനു വേണ്ടി പ്രയത്‌നിക്കുന്നവർക്ക് സമർപ്പിക്കുകയാണ് 29-കാരനായ ഈ യുവാവ് ചെയ്തത്.
19-ാം വയസ്സിലാണ് സമൂഹത്തിലെ മാറ്റത്തിനായി കാത്തുനിൽക്കാതെ സ്വയം മാറ്റമുണ്ടാക്കാൻ ആരിഫ് ഇറങ്ങിത്തിരിച്ചത്. സൂഫി കുടുംബത്തിൽ ജനിച്ച ഇദ്ദേഹം ദൈവപ്രീതിക്ക് വേണ്ടി ചെയ്ത നന്മകൾ പിന്നീട് പലയാളുകളുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്.
പാകിസ്ഥാനുമായി ഒന്നിലധികം നിയന്ത്രണ രേഖകൾ പങ്കിടുന്ന, കശ്മീരിലെ വടക്കു പടിഞ്ഞാറൻ ജില്ലയായ കുപ്‌വാരയിലാണ് മുഹമ്മദ് ആരിഫ് നഖ്ഷബന്ദിയുടെ ജനനം. കശ്മീരി സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും, ഇഗ്നോവിൽ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ എംഎയും നേടിയ ഇദ്ദേഹം ജനങ്ങൾക്ക് വേണ്ടിയുള്ള സേവനവഴി തെരഞ്ഞെടുക്കുകയായിരുന്നു.
സമൂഹത്തിലെ അനീതികൾ കണ്ടുമടുത്ത താൻ മനുഷ്യനോടുള്ള സ്‌നേഹം കാരണമാണ് സാമൂഹ്യ പ്രവർത്തകനായി മാറിയത്. എല്ലാം കണ്ടിട്ടും ഒന്നും ചെയ്യാതെ ഇരിക്കാൻ തനിക്ക് കഴിയില്ലെന്നാണ് ആരിഫ് പറയുന്നത്. സാമൂഹ്യ പ്രതിബദ്ധതയിൽ നിന്ന് ഒളിച്ചോടുന്ന യുവാക്കൾക്ക് മാതൃകയാണ് അദ്ദേഹം. വിദ്യാഭ്യാസം, മനുഷ്യാവകാശം, പരിസ്ഥിതി ബോധവൽക്കരണം, സ്ത്രീ ശാക്തീകരണം എന്നിങ്ങനെ വിവിധ മേഖലകളിൽ ആരിഫ് പ്രവർത്തിച്ചിട്ടുണ്ട്.
ഒറ്റക്കായിരുന്ന മാതാവ് വളരെ കഷ്ടപ്പെട്ടാണ് ആരിഫിനെ വളർത്തി വലുതാക്കിയത്. സാമൂഹ്യ സേവന മേഖലയിലേക്ക് പ്രവേശിക്കാൻ പ്രചോദനമായതെന്താണെന്ന ചോദ്യത്തിന്, ഒരു കാരണം മാത്രം ചൂണ്ടിക്കാണിക്കാനില്ലെന്നും ജീവിതത്തിൽ സംഭവിച്ച ഒരുപാട് ചെറിയ കാര്യങ്ങളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ സമൂഹവും പരിസ്ഥിതിയും കഷ്ടപ്പെടുകയാണ്. ഇനിയും നമ്മൾ പ്രവർത്തിക്കാൻ ആരംഭിച്ചില്ലെങ്കിൽ വരും തലമുറയോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.