ചത്തീസ്ഗഢ്– ഹരിയാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാർ ജില്ലയിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ ജഗ്ബീർ സിങിനെ ആണ് വിദ്യാർത്ഥികൾ കുത്തിക്കൊലപ്പെടുത്തിയത്. 15 വയസ്സുള്ള രണ്ട് വിദ്യാർത്ഥികളാണ് കൊലപ്പെടുത്തിയതെന്നും ഇവരെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. ചട്ടങ്ങൾ പാലിക്കാത്തതിനാൽ പ്രിൻസിപ്പൽ നേരത്തെ ഇവരെ ശാസിച്ചിരുന്നതായി പോലീസ് പറയുന്നു.
വ്യാഴാഴ്ച രാവിലെ 10.30 ഓടെ കത്തിയുമായി എത്തിയ ഇവർ പ്രിൻസിപ്പലായ ജഗ്ബീർ സിങിനെ കുത്തി അഞ്ചോളം തവണ കുത്തി പരിക്കേൽപ്പിച്ചതിന് ശേഷം കടന്ന് കളയുകയായിരുന്നെന്ന് പോലീസ് പറയുന്നു. മാരകമായ പരിക്കേറ്റ ജഗ്ബീർ സിങിനെ ഉടൻതന്നെ ഹിസാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രതികളായ വിദ്യാർത്ഥികളെ സ്കൂൾ പ്രിൻസിപ്പൽ സ്കൂളിലെ ചട്ടങ്ങളായ ഷർട്ട് ഇൻസൈഡ് ചെയ്യാത്തതിനും, വൃത്തിയായി മുടിവെട്ടാത്തതിനും നിരന്തരം ശാസിച്ചിരുന്നതായും, ഇക്കാരണത്താലാണ് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പലിനോട് മറ്റെന്തെങ്കിലും തരത്തിലുള്ള ശത്രുതയുണ്ടോ എന്ന് വ്യക്തതയില്ല എന്നും പ്രതികളായ വിദ്യാർത്ഥികളും പ്രിൻസിപ്പലും ഒരേ നാട്ടുകാരാണെന്നും പോലീസ് പറഞ്ഞു.