കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ സമീപദിവസങ്ങളിലുണ്ടായ സംഘർഷങ്ങളുടെയും അനിഷ്ട സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ദ്വീപുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലക്ഷദ്വീപ് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ശിവം ചന്ദ്ര (IAS) ഉത്തരവിറക്കി. പുതിയ നിയമമായ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 163 പ്രകാരമാണ് പഴയ സി.ആർ.പി.സി 144-ന് സമാനമായ ഈ നിയന്ത്രണങ്ങൾ. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി അറുപത് ദിവസത്തേക്കാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
സമീപകാലത്ത് അമിനി, അഗത്തി, ആന്ത്രോത്ത്, കവരത്തി തുടങ്ങിയ ദ്വീപുകളിൽ സർക്കാർ ഓഫീസുകൾക്കും ജീവനക്കാർക്കും നേരെ നടന്ന അതിക്രമങ്ങളും കപ്പൽ സർവീസുകൾ തടസ്സപ്പെടുത്തിയതുമാണ് ഇത്തരമൊരു കർശന നടപടിയിലേക്ക് അഡ്മിനിസ്ട്രേഷനെ നയിച്ചത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ദ്വീപുകളിലെ ജെട്ടികളും പവർ സ്റ്റേഷനുകളും ജനങ്ങളുടെ ജീവനാഡിയാണെന്നും, അവ തടസ്സപ്പെടുത്തുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
പുതിയ നിയമപ്രകാരം ദ്വീപുകളിലെ പ്രധാന പൊതുസ്ഥലങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ചുറ്റും നിശ്ചിത പരിധിയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജെട്ടികൾ, ഹെലിപാഡുകൾ എന്നിവയുടെ എൻട്രി ഗേറ്റിൽ നിന്നും 150 മീറ്റർ ചുറ്റളവിലും, പവർ ജനറേഷൻ സ്റ്റേഷനുകൾ, ഇന്ധന ഡിപ്പോകൾ, വാട്ടർ പ്ലാന്റുകൾ, ബി.എസ്.എൻ.എൽ ടവറുകൾ എന്നിവയ്ക്ക് ചുറ്റും 100 മീറ്റർ പരിധിയിലും നിയന്ത്രണമുണ്ടാകും. കൂടാതെ സർക്കാർ ആശുപത്രികളുടെ 50 മീറ്റർ ചുറ്റളവിലും, വിവിധ എസ്.ഡി.എം ഓഫീസുകൾ, കളക്ടറേറ്റ്, സെക്രട്ടേറിയറ്റ് എന്നിവയുടെ മതിൽക്കെട്ടിന് പുറത്തേക്ക് 100 മീറ്റർ പരിധിയിലും നിയന്ത്രണം ബാധകമാണ്.
ഈ നിരോധിത മേഖലകളിൽ പ്രതിഷേധം, ധർണ്ണ, ഘരാവോ എന്നിവയ്ക്കായി അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം കൂടാൻ പാടുള്ളതല്ല. മുദ്രാവാക്യം വിളിക്കുക, ഉച്ചഭാഷിണികൾ ഉപയോഗിക്കുക, പ്രകോപനപരമായ ബാനറുകൾ പ്രദർശിപ്പിക്കുക, കോലം കത്തിക്കുക എന്നിവയും കർശനമായി വിലക്കിയിട്ടുണ്ട്. റോഡുകളോ കപ്പൽ, ബോട്ട് യാത്രകളോ തടസ്സപ്പെടുത്താനോ പൊതുമുതൽ നശിപ്പിക്കാനോ ശ്രമിക്കരുത്. ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്ന സർക്കാർ ജീവനക്കാരെ തടസ്സപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം, പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തെ സുപ്രീം കോടതി വിധികൾ മുൻനിർത്തി ഉത്തരവ് അംഗീകരിക്കുന്നുമുണ്ട്. ഇതിനായി ഓരോ ദ്വീപിലെയും എസ്.ഡി.എം അല്ലെങ്കിൽ ഡെപ്യൂട്ടി കളക്ടർമാർ 24 മണിക്കൂറിനകം അനുയോജ്യമായ ഒരു പൊതുസ്ഥലം പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ച് നൽകണം. ഈ സ്ഥലങ്ങളിൽ സമരം നടത്തുന്നതിനായി ലക്ഷദ്വീപ് പോലീസ് സൂപ്രണ്ടിന്റെ മുൻകൂട്ടിയുള്ള ലിഖിത അനുമതി വാങ്ങിയിരിക്കണം. സമരത്തിന് 24 മണിക്കൂർ മുൻപെങ്കിലും അപേക്ഷ നൽകേണ്ടതുണ്ട്. പങ്കെടുക്കുന്നവരുടെ എണ്ണവും സമയവും അപേക്ഷയിൽ വ്യക്തമാക്കണം. ആയുധങ്ങളോ മാരകവസ്തുക്കളോ ഇല്ലാതെ പൂർണ്ണമായും സമാധാനപരമായിരിക്കണം സമരം. കൂടാതെ ഒരു പ്രതിഷേധവും തുടർച്ചയായി 4 മണിക്കൂറിൽ കൂടാൻ പാടില്ലെന്ന നിബന്ധനയുമുണ്ട്.
ഈ ഉത്തരവ് ലംഘിക്കുന്ന വ്യക്തികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 223 പ്രകാരം നിയമനടപടി സ്വീകരിക്കും. കുറ്റക്കാർക്ക് ആറ് മാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടു കൂടിയോ ശിക്ഷയായി ലഭിക്കാം. ഉത്തരവ് കർശനമായി നടപ്പിലാക്കാൻ ലക്ഷദ്വീപ് പോലീസ് സൂപ്രണ്ടിനും എല്ലാ ദ്വീപുകളിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.



