തിരുച്ചിറപ്പള്ളി: സമൂഹമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധകിട്ടാൻ യുവാക്കളിൽ നാവ് പിളർത്തിയുള്ള ടാറ്റൂ ഭ്രാന്ത്! തമിഴ്‌നാട്ടിലെ തിരിച്ചിറപ്പള്ളിയിലാണ് അനധികൃത ടാറ്റൂ പാർലറിന്റെ മറവിൽ നാവു പിളർത്തൽ നടന്നത്.
മേലെ ചിന്തമണിയിലെ ഏലിയൻസ് ടാറ്റൂ സെന്ററിറിലാണ് നാവ് പിളർത്തൽ നടന്നത്. സംഭവത്തിൽ ഇൻസ്റ്റഗ്രാം സ്റ്റാറും ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമുള്ള ടാറ്റൂ പാർലർ ഉടമ ഹരിഹരനെയും സഹായി ജയരാമനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് റീലിസിനായാണ് നാവ് പിളർത്തുന്നതത്രെ. പാമ്പ്, സിംഹം തുടങ്ങിയവയുടെ നാവ് രൂപത്തിലേക്ക് സ്വന്തം നാക്ക് മാറ്റിയെടുക്കാൻ ആണ് നാവ് മുറിക്കുന്നത്. മോഡിഫിക്കേഷൻ കൾച്ചർ എന്ന ഓമനപ്പേരിട്ട് ഒട്ടേറെ യുവാക്കൾ നാവു പിളർത്തിയതായാണ് വിവരം.
ഡോക്ടർമാർ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സമാനമായ സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചാണ് നാവ് പിളർത്തുന്നത്. ശസ്ത്രക്രിയ സാമഗ്രികളും മരവിപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരുന്നും ഇവർക്ക് എങ്ങനെ കിട്ടി എന്നതടക്കം സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സ്വന്തം നാവ് പിളർത്തുന്ന ദൃശ്യങ്ങൾ ഹരിഹരൻ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത് വൻ വിമർശങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടാറ്റൂ സെന്ററിന് ലൈസൻസ് ഇല്ലെന്ന് പോലീസ് കണ്ടെത്തിയത്.