കോൽക്കത്ത– തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ) യെ വിവാദത്തിലാക്കി വീണ്ടും ബി.എൽ.ഒ യുടെ ആത്മഹത്യ. കഴിഞ്ഞ ദിവസം ബംഗാളിലാണ് ഒരു ബി.എൽ.ഒ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തത്. ബംഗാളിലെ ജയാൽഗുഡി മാൾ ബ്ലോക്കിൽ ബിഎൽഒ യായ ശാന്തിമുനി എക്കയാണ് ജീവനൊടുക്കിയത്. അങ്കണവാടി ജീവനക്കാരിയായ ശാന്തിമുനിയെ കഴിഞ്ഞ ദിവസം വീടിന് പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എസ്‌ഐആർ കാരണം ജോലി ഭാരം കൂടിയ ഇവർ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ശാന്തി മുനി ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവർ എതിർക്കുകയായിരുന്നു.
ഒരാഴ്ചക്കിടെ മൂന്ന് ബി.എൽ.ഒ ഉദ്യോഗസ്ഥരാണ് ജോലി ഭാരം മൂലം ജീവനെടുക്കിയത്. കണ്ണൂർ സ്വദേശിയായ ബി.എൽ.ഒ ഉദ്യോഗൻ അനീഷ് ജോർജ് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. കൂടാതെ രാജസ്ഥാനിലും ബി.എൽ.ഒ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് എസ്.ഐ.ആറിനെ വിവാദത്തിലാക്കി ബംഗാളിലും ഒരു ബി.എൽ.ഒ ഉദ്യോഗസ്ഥ ജീവനെടുക്കിയത്.
ഇതിന് പുറമേ തമിഴ്‌നാട്ടിലെ കുംഭകോണത്ത് അങ്കണവാടി ജീവനക്കാരിയായ ബി.എൽ.ഒയും ആത്മഹത്യക്ക് ശ്രമിച്ചു. 44 ഉറക്ക ഗുളികകൾ കഴിച്ചാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി പൂരിപ്പിച്ച 200 എസ്.ഐ.ആർ ഫോമുകൾ അപ്ലോഡ് ചെയ്യാൻ സാധിക്കാത്തതിനാലാണ് ഇവരുടെ ആത്മഹത്യ ശ്രമം. രാത്രി 10നും രാവിലെ ആറുമണിക്കും ഇടയിൽ എസ്.ഐ.ആർ പ്രക്രിയ പൂർത്തിയാക്കാനാവശ്യപ്പെട്ട് സൂപ്പർവൈസർ ഫോൺ ചെയ്ത് സമ്മർദ്ദം ചെലുത്തിയെന്നും അങ്കണവാടി ജീവനക്കാർ പറയുന്നു.



