ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പുരാവസ്തു വകുപ്പിന്റെ സമീപകാല വിവാദ സര്‍വേകളെ പരിഹസിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്കടിയില്‍ ശിവലിംഗമുണ്ടെന്നും അത് കുഴിച്ചു നോക്കണമെന്നും അഖിലേഷ് പരിഹസിച്ചു. ലഖ്‌നൗവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖിലേഷിന്റെ പ്രതികരണം ചിരിയുണര്‍ത്തിയപ്പോള്‍ ‘ശരിക്കും അവിടെ ശിവലിംഗമുണ്ടെന്നും അത് കണ്ടെത്താന്‍ നാമെല്ലാം സഹായിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിന് മാധ്യമപ്രവര്‍ത്തകര്‍ വഴികാണിക്കണമെന്നും ഞാന്‍ നിങ്ങള്‍ പറയുന്നത് അനുസരിക്കാമെന്നും അഖിലേഷ് പരിഹസിച്ചു.
പുരാവസ്തു വകുപ്പിന്റെ സര്‍വേകളെ ബിജെപി ഗൗരവ വിഷയങ്ങളില്‍ നിന്ന് പൊതുജനശ്രദ്ധ തിരിക്കാന്‍ ദുരുപയോഗം ചെയ്യുകയാണെന്ന് അഖിലേഷ് നേരത്തെ പറഞ്ഞിരുന്നു. തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രതിസന്ധിയും പോലുള്ള വിഷയങ്ങള്‍ പരിഹരിക്കണം. എല്ലായിടത്തും കുഴിച്ചു നോക്കിയത് നമുക്ക് ഒരു പരിഹാരവും കണ്ടെത്താന്‍ കഴിയില്ല. രാജ്യത്തെ ആരാധനാലയ നിയമം ഇത്തരം കാര്യങ്ങളെ വിലക്കിയിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച അഖിലേഷ് പ്രതികരിച്ചിരുന്നു.