കോഴിക്കോട്– കഴിഞ്ഞ ദിവസം കോൺഗ്രസിലും കേരള രാഷ്ട്രീയത്തിലും ചർച്ചയായ വോട്ട് വൈബ് കേരളയുടെ സർവേക്ക് പിന്നിൽ തരൂരിന്റെ വെബ്സൈറ്റ് ഡൊമൈൻ രെജിസ്റ്റർ ചെയ്ത കമ്പനി എന്ന് പരാതി. ശശി തരൂർ വോട്ട് വൈബ് കേരള എന്ന സ്വകാര്യ ഏജൻസി നടത്തിയ മുഖ്യമന്ത്രി സർവേ ശശി തരൂർ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചപ്പോഴാണ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്.


www.shashitharoor.in ന്റെ രെജിസ്റ്റാർ കമ്പനിയും votevibe.in ന്റെ രെജിസ്റ്റാർ കമ്പനിയും ഒന്ന് തന്നെ എന്ന് ചൂണ്ടികാണിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ സർവേക്ക് പിന്നിൽ ശശി തരൂർ എന്ന ആരോപണം ഉയരുന്നത്. എൻഡ്യുറൻസ് ഡൊമൈൻസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് ഇരു വെബ്സൈറ്റുകളും രെജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിന് പുറമേ, വെബ്സൈറ്റിൽ നൽകിയ വിവരണത്തിൽ ടീം എന്ന് പരാമർശിച്ച് അമിതാഭ് തിവാരി എന്ന പത്രപ്രവർത്തകന്റെ പേര് മാത്രമാണ് നൽകിയിട്ടുള്ളത്. വോട്ട് വൈബ് എന്ന പേരിൽ സൈറ്റിൽ നൽകിയ ലിങ്കുകളെല്ലാം ഇദ്ദേഹം പത്രത്തിൽ എഴുതിയ കോളങ്ങൾ മാത്രമാണ്
വെബ്സൈറ്റിന്റെ രൂപീകരണവും, കാലാവധിയും, നിലവാരത്തെ ചൊല്ലിയും ചർച്ച മുറുകുകയാണ്. പൊളിറ്റിക്കൽ ഇന്റലിജൻസ്, ജിയോ പൊളിറ്റിക്കൽ റിസ്ക്, ഇലക്ഷൻ ട്രാക്കർ എന്നിങ്ങനെയുള്ള മേഖലയിൽ ഗൂഗിൾ സെർച്ച് ചെയ്താൽ ലഭ്യമാകുന്ന കണ്ടെന്റുകൾ മാത്രമേ സൈറ്റിൽ ലഭ്യമാകുന്നുള്ളു. 2025 മെയ് മാസത്തിലാണ് ഈ വെബ്സൈറ്റ് രെജിസ്റ്റർ ചെയ്തത്. കുറഞ്ഞ സമയമായ രണ്ട് മാസം കൊണ്ട് എങ്ങനെയാണ് സർവേ പൂർത്തീകരിക്കുക എന്ന് അക്കാദമിക് സമൂഹവും സംശയം ഉന്നയിക്കുന്നുണ്ട്. ഇതിനുപുറമേ വെബ്സൈറ്റിന്റെ രൂപകൽപനയുടെ നിലവാരമില്ലായ്മയെ ചൊല്ലിയും പരിഹാസം ഉയരുന്നുണ്ട്.
സർവേ പൊതുമദ്ധ്യത്തിൽ ചർച്ചക്ക് എത്തിയത് മുതൽ തരൂരിനെ വിമർശിച്ചും ചേർത്തുപിടിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഡൊമൈൻ രെജിസ്റ്റർ ചെയ്ത കമ്പനി ഒന്നാണെന്ന് കരുതി തരൂർ ആണ് സർവേക്ക് പിന്നിലെന്ന് കരുതാൻ ആകുമോ എന്നും, ഇനി സർവേക്ക് പിന്നിൽ തരൂർ ആണെങ്കിലും അദ്ദേഹത്തിന് അതിനുള്ള യോഗ്യത ഉണ്ടെന്നും ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന മറ്റൊരു പക്ഷം.