ന്യൂദൽഹി: 35 വർഷത്തിലേറെയായി ഇന്ത്യയിൽ താമസിക്കുന്ന പാക് പൗരത്വമുള്ള ശാരദ ഭായ് ഉടൻ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ പോലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്. ശാരദാ ഭായ് യുടെ വീസ റദ്ദാക്കിയ അധികൃതർ അവരോട് ഉടൻ പാകിസ്താനിലേക്ക് മടങ്ങണമെന്നും നിർദ്ദേശിച്ചു. ഉത്തരവ് പാലിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പും നൽകി.
ഒഡീഷയിലെ ബാലംഗീറിലെ ഹിന്ദു കുടുംബത്തിൽനിന്നാണ് ശാരദാ ഭായ് വിവാഹം ചെ്യതത്. വർഷങ്ങൾക്ക് മുമ്പായിരുന്നു വിവാഹം. ഇവരുടെ മകനും മകൾക്കും ഇന്ത്യൻ വിസയുണ്ട്. വോട്ടർ ഐഡി ഉൾപ്പെടെ എല്ലാ പ്രധാന രേഖകളും ഉണ്ടായിരുന്നിട്ടും അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചില്ല. തന്നെ കുടുംബത്തിൽ നിന്ന് വേർപ്പെടുത്തരുതെന്നും കനിവ് കാണിക്കണെന്നും ശാരദാ ഭായ് സർക്കാരിനോട് അഭ്യർത്ഥിച്ചു. മൂന്ന് ദശാബ്ദത്തിലേറെയായി താൻ വീടായി കരുതുന്ന ഇന്ത്യയിൽ തുടർന്നും ജീവിക്കാൻ അനുവദിക്കണമെന്ന് കൈകൂപ്പി അവർ അപേക്ഷിച്ചു.
“ഞാൻ ആദ്യം കോരാപുട്ടിലായിരുന്നു, പിന്നീട് ബോലംഗീറിലെത്തി. പാകിസ്താനിൽ എനിക്ക് ആരുമില്ല… എന്റെ പാസ്‌പോർട്ട് പോലും വളരെ പഴയതാണ്. സർക്കാരിനോടും അധികൃതരോടും കൈകൂപ്പി ഞാൻ അപേക്ഷിക്കുന്നു, ദയവായി എന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കണം. എനിക്ക് രണ്ട് മുതിർന്ന മക്കളും പേരക്കുട്ടികളുമുണ്ട്. ഞാൻ ഒരു ഇന്ത്യക്കാരിയായി ഇവിടെ ജീവിക്കാൻ അനുവദിക്കണം- അവർ പറഞ്ഞു. ശാരദാ ഭായ് യുടെ അപേക്ഷ എല്ലാവരുടെയും കരളലിയിപ്പിക്കുന്നതാണ്. എന്നാൽ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നാണ് പോലീസ് ആവർത്തിക്കുന്നത്.