ജയ്പൂര്‍: പാന്‍ മസാലയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗന്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ക്ക് ജയ്പൂരിലെ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ നോട്ടീസ് അയച്ചു. പരസ്യം വഴി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് കേസ്. പാന്‍ മസാല നിര്‍മാണ കമ്പനിയുടെ ചെയര്‍മാന്‍ വിമല്‍ കുമാര്‍ അഗര്‍വാളിനും നോട്ടീസയച്ചിട്ടുണ്ട്. മാര്‍ച്ച് 19ന് രാവിലെ 10 മണിക്കു കമ്മീഷനു മുമ്പാകെ ഹാജരാകണമെന്നാണ് നൊട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരിട്ടോ, അല്ലെങ്കില്‍ അധികാരപ്പെടുത്തിയ പ്രതിനിധിയോ ഹാജരായില്ലെങ്കില്‍ എതിര്‍ കക്ഷിയുടെ അഭാവത്തില്‍ കേസ് തീര്‍പ്പാക്കുമെന്നും കമ്മീഷന്‍ നൊട്ടീസിലൂടെ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. നൊട്ടീസ് ലഭിച്ച 30 ദിവസത്തിനകം എല്ലാ നടന്‍മാരും പാന്‍മസാല കമ്പനിയും അവരുടെ മറുപടി സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാന്‍മസാലയുടെ ഓരോ തരിക്കും കുങ്കുമത്തിന്റെ കരുത്തുണ്ടെന്ന് പരസ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അവകാശപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി ജയ്പൂരിലെ അഭിഭാഷകന്‍ യോഗേന്ദ്ര സിങ് ബദിയാല്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി.