ചെന്നൈ- തമിഴ്നാട്ടിൽ ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെ സഖ്യത്തിലായതോടെ വെട്ടിലായി എസ്.ഡി.പി.ഐ. തമിഴ്നാട്ടിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ മുന്നണിയിലായിരുന്നു എസ്.ഡി.പി.ഐ. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുമായി എ.ഐ.എ.ഡി.എം.കെ സഖ്യം പ്രഖ്യാപിച്ചതോടെ എസ്.ഡി.പി.ഐ പ്രതിസന്ധിയിലാകുകയായിരുന്നു.
അതിനിടെ, പാർട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്ക് അടക്കമുള്ള നേതാക്കൾ ചെന്നൈയിലെ ഡി.എം.കെയുടെ ആസ്ഥാനത്തെത്തി സ്റ്റാലിനെ കണ്ടു. ഡി.എം.കെ എം.പി ഡി. രാജയും ഇവിടെയുണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട് സർക്കാർ സ്വീകരിച്ച നടപടികൾക്ക് നന്ദി അറിയിക്കാനാണ് സ്റ്റാലിനെ സന്ദർശിച്ചത് എന്നാണ് നെല്ലൈ മുബാറക് പറഞ്ഞത്. വഖഫ് നിയമം ഭരണഘടനയ്ക്കും മതേതരത്വത്തിനും ന്യൂനപക്ഷങ്ങൾക്കും എതിരാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്ഡിപിഐ പ്രതിഷേധങ്ങൾ നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ സംസ്ഥാനങ്ങളും നിയമനിർമ്മാണത്തെ എതിർക്കണം. എല്ലാ ജനാധിപത്യ ശക്തികളും ഇതിനെതിരെ ഒന്നിക്കണം.തമിഴ്നാട് മുഖ്യമന്ത്രി നിയമസഭയിൽ നിയമനിർമ്മാണത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു. ഡിഎംകെ എംപിമാർ പാർലമെന്റിൽ നിയമനിർമ്മാണത്തിനെതിരെ വോട്ട് ചെയ്തു. ബിജെപി ഒഴികെ, മറ്റെല്ലാ പാർട്ടികളും നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ചു, ഇതിനുള്ള നന്ദി പറയാനാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.ഡി.എം.കെ മുന്നണി വിടുമോ എന്ന കാര്യത്തിൽ ഇതേവരെ എസ്.ഡി.പി.ഐ നേതാക്കൾ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയോട് നന്ദി പറയാന്‍ മാത്രമാണ് വന്നിരിക്കുന്നതെന്നും തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച ശേഷം കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കാമെന്നുമാണ് നെല്ലൈ മുബാറക് പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുമായി എസ്.ഡി.പി.ഐ സഖ്യത്തിലായത് തന്നെ ഏറെ വിവാദമായിരുന്നു. പൗരത്വബിൽ രാജ്യസഭയിൽ പാസാകാൻ കാരണം എ.ഐ.എ.ഡി.എം.കെ പിന്തുണച്ചത് കൊണ്ടായിരുന്നു. ഈ പാർട്ടിയുമായി സഖ്യം ചേർന്നതാണ് വിവാദത്തിന് കാരണമായത്.
എ.ഐ.എ.ഡി.എം.കെയുമായി ചേർന്ന് തമിഴ്നാട് പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ രൂപീകരിക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മുന്നണി പ്രവര്‍ത്തിക്കുകയെന്നാണ് അമിത് ഷാ പറയുന്നത്. ദേശീയതലത്തില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലും തമിഴ്നാട്ടില്‍ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുമാണ് എന്‍.ഡി.എ പ്രവര്‍ത്തിക്കുകയെന്നാണ് അമിത് ഷാ പറയുന്നത്.