അഹമ്മദാബാദ്– പ്രായം എന്നത് ഒരു തടസ്സമേയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് അഹമ്മദാബാദിലെ ‘സ്‌കൂട്ടർ സഹോദരിമാർ’. 87 വയസ്സുകാരിയായ മന്ദാകിനി ഷായും (മന്ദാ ബെൻ) 84 വയസ്സുള്ള സഹോദരി ഉഷാ ബെന്നും നഗരത്തിരക്കിലൂടെ സ്‌കൂട്ടറിൽ അനായാസം യാത്ര ചെയ്യുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നഗരവാസികൾ ഈ ജോഡിയെ സ്നേഹത്തോടെ ‘ബൈക്കർ ഡാഡിസ്’ എന്നാണ് വിളിക്കുന്നത്.
ക്രിസ്പി കോട്ടൺ സാരി ധരിച്ച്, ഗതാഗതക്കുരുക്കിലൂടെ ചടുലമായി സ്‌കൂട്ടർ ഓടിക്കുന്ന മന്ദാ ബെന്നിന്റെ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനിയത്തി ഉഷാ ബെൻ സൈഡ് കാറിൽ യാത്രയിലും ഒപ്പമുണ്ട്. ഓൺലൈൻ ലോകം ഇവരെ ബോളിവുഡ് ക്ലാസിക് ചിത്രം ‘ഷോലെ’യിലെ ജയ്-വീരു ജോഡിയുമായാണ് താരതമ്യം ചെയ്യുന്നത്.
ആറ് സഹോദരങ്ങളിൽ മൂത്തവളും ഒരു മുൻ അധ്യാപികയുമായ മന്ദാ ബെന്നിന് സ്‌കൂട്ടർ ഓടിക്കുക എന്നത് ഒരുപാട് കാലമായുള്ള സ്വപ്നമായിരുന്നു. ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകളായ അവർക്ക് ചെറുപ്പത്തിൽ വാഹനം സ്വന്തമാക്കാൻ കഴിഞ്ഞില്ല.
“എൻ്റെ ഇച്ഛാശക്തി കാരണമാണ് ഈ പ്രായത്തിലും എനിക്ക് സ്‌കൂട്ടർ ഓടിക്കാൻ കഴിയുന്നത്. നഗരത്തിലെ ഈ ഗതാഗതക്കുരുക്കിൽപ്പോലും എനിക്ക് ബുദ്ധിമുട്ടില്ല,” മന്ദാ ബെൻ പറയുന്നു.
തനിക്ക് 62-ാം വയസ്സിലാണ് വണ്ടിയോടിക്കാൻ പഠിക്കാൻ കഴിഞ്ഞതെന്ന് മന്ദാ ബെൻ വെളിപ്പെടുത്തി. “എന്നെ കണ്ടശേഷം ചില പുരുഷന്മാർ ഭാര്യമാരെ ധൈര്യത്തോടെ ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ പഠിപ്പിക്കാറുണ്ട്. സ്ത്രീകൾ വാഹനമോടിക്കാൻ പഠിക്കണം, ആരെയും ആശ്രയിക്കരുത്,” അവർ കൂട്ടിച്ചേർത്തു. ലിഫ്റ്റ് ചോദിച്ചുവരുന്ന അപരിചിതർക്കുപോലും മന്ദാ ബെൻ സഹായം നൽകാറുണ്ട്.
തൻ്റെ ചേച്ചിയോടൊപ്പം സൈഡ്‌കാറിൽ യാത്ര ചെയ്യുന്നത് ഏറെ ആസ്വദിക്കുന്ന ഉഷാ ബെൻ, ആളുകൾ തങ്ങളെ ‘ജയ്-വീരു’ എന്ന് വിളിക്കുന്നത് സന്തോഷത്തോടെയാണ് കാണുന്നത്.
“ഞങ്ങൾ ഈ സ്‌കൂട്ടറിൽ നഗരം മുഴുവൻ ചുറ്റി സഞ്ചരിക്കാറുണ്ട്. നേരത്തെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലായിരുന്നു താമസം. എന്നിട്ടും എൻ്റെ സഹോദരി അനായാസമായി വാഹനമോടിച്ചിരുന്നു. പ്രായം ഞങ്ങൾക്ക് ഒരു തടസ്സമേയല്ല. മറ്റ് സ്ത്രീകൾ ഞങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു,” ഉഷാ ബെൻ പറഞ്ഞു.
വൈറലായതിനുശേഷം ലഭിച്ച സ്നേഹത്തിൽ ഈ സഹോദരിമാർ സന്തുഷ്ടരാണ്. പ്രശസ്തയാകുമെന്ന് കരുതിയില്ലെന്നും, വീട്ടിൽ ഇരിക്കാൻ ഉപദേശിക്കുന്ന ചിലരുണ്ടെങ്കിലും, ഭൂരിഭാഗം ആളുകളും നൽകുന്ന അഭിനന്ദനങ്ങളും പ്രചോദനവുമാണ് തങ്ങളുടെ യാത്ര തുടരാനുള്ള ഊർജ്ജമെന്നും മന്ദാ ബെൻ വ്യക്തമാക്കി.



