ന്യൂഡല്‍ഹി– പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപറേഷന്‍ സിന്ദൂരിലൂടെ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിനായി ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ ബോംബുകളുമാണെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച അര്‍ധരാത്രിയാണ് ഇന്ത്യ ആക്രമണം നടത്തിയത്. അതീവ ജാഗ്രതയോടെയും രഹസ്യമായും നടത്തിയ സൈനിക ആക്രമണത്തില്‍ റഫാല്‍ വിമാനങ്ങളാണ് സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ ബോംബുകളും വഹിച്ച് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. ലഷ്‌കറെ ത്വയിബയുടെയും ജയ്‌ശെ മുഹമ്മദിന്റെയും താവളങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയത്.
സ്‌കാല്‍പ് മിസൈല്‍
സ്റ്റോം ഷാഡോ എന്ന് അറിയപ്പെടുന്ന 1300 കിലോഗ്രാം ഭാരമുള്ള യൂറോപ്യന്‍ വ്യോമ ക്രൂയിസ് മിസൈലുകളാണ് സ്‌കാല്‍പ്. ഭീകരരുടെ ശക്തിയേറിയ ബങ്കറുകളടക്കം കൃത്യതയോടെ തകര്‍ക്കാന്‍ കഴിയുന്ന രൂപത്തിലാണ് മിസൈല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ള സ്‌കാല്‍പ് മിസൈലിമ് കൃത്യത കൈവരിക്കാന്‍ ഇര്‍നേഷ്യല്‍ നാവിഗേഷന്‍, ജി.പി.എസ്, ടെറൈന്‍ മാപ്പിങ് എന്നിവ സംയോജിപ്പിച്ച നൂതന നാവിഗേഷന്‍ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. യൂറോപ്യന്‍ പ്രതിരോധ കണ്‍സോര്‍ഷ്യമാണ് ഈ മിസൈല്‍ വികസിപ്പിച്ചത്. അധികം ഉയരത്തിലല്ലാതെ താഴ്ന്ന് കുതിക്കുന്ന സ്‌കാല്‍പ് മിസൈലുകള്‍ക്ക് ശത്രുരാജ്യത്തിന്റെ റഡാറില്‍ പെടില്ല എന്ന പ്രത്യേകതയുമുണ്ട്.
ഹാമ്മര്‍ ബോംബ്
ഗ്ലൈഡ് ബോംബ് എന്നറിയപ്പെടുന്ന ബോംബുകളാണ് ഹാമ്മര്‍ ബോംബുകള്‍. വ്യോമാക്രമണത്തില്‍ ഇന്ത്യയുടെ ശക്തമായ ആയുധമായ ഹാമ്മര്‍ ബോംബുകള്‍ 70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ളവയാണ്. എയര്‍-ടു-ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമ്മര്‍ 125 മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളില്‍ ഘടിപ്പിക്കാവുന്ന ഒരു മോഡുലാര്‍ കിറ്റാണ്. റഫാല്‍ വിമാനങ്ങള്‍ക്ക് ഒരേ സമയം ആറ് ഹാമ്മറുകള്‍ വരെ വഹിക്കാന്‍ കഴിയും. ഫ്രഞ്ച് പ്രതിരോധ സംവിധാനമായ സഫ്രാന്‍ ആണ് ഹാമ്മര്‍ വികസിപ്പിച്ചത്. ജി.പി.എസ്, ഇന്‍ഫ്രാറെഡ് എന്നിവ ഘടിപ്പിച്ചതിനാല്‍ കൂറ്റന്‍ ലക്ഷ്യങ്ങളെ വരെ വളരെ വേഗം ഭേദിക്കാന്‍ കഴിയും.