റിയാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്രയും നീതി ആയോഗ് സി.ഇ.ഒ പി.വി.ആർ സുബ്രഹ്മണ്യവും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഏകോപനം വർധിപ്പിക്കുന്നതിനെ കുറിച്ചും നിരവധി മേഖലകളിൽ ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും കൂടിക്കാഴ്ചക്കിടെ വിശകലനം ചെയ്തു.
ദ്വിദിന ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ന് സൗദിയിലെത്തും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി നരേന്ദ്ര മോദി നടത്തുന്ന കൂടിക്കാഴ്ചയിൽ വ്യാപാര വിനിമയങ്ങൾ, ഊർജ, നിക്ഷേപ മേഖലാ സഹകരണം, ഇന്ത്യ-മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇടനാഴി പുനരുജ്ജീവിപ്പിക്കൽ, പ്രതിരോധ പങ്കാളിത്തം എന്നിവ ചർച്ച ചെയ്യും. ഊർജ, നിക്ഷേപ മേഖലകളിൽ അടക്കം ഏതാനും കരാറുകൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് കരുതുന്നത്.
അതേസമയം, സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വർഷം 15,040 കോടി റിയാലിലെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ കൊല്ലം നാലു ശതമാനം തോതിൽ കുറഞ്ഞു. ഉഭയകക്ഷി വ്യാപാരത്തിൽ സൗദി അറേബ്യ 5,440 കോടി റിയാലിന്റെ വാണിജ്യ മിച്ചം കൈവരിച്ചു. ഇന്ധനം, രാസവളങ്ങൾ, പ്ലാസ്റ്റിക്ക്, രാസവസ്തുക്കൾ എന്നിവ സൗദി അറേബ്യ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നു. വാഹനങ്ങൾ, ധാന്യങ്ങൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ, മെക്കാനിക്കൽ ഉപകരണങ്ങൾ എന്നിവ ഇന്ത്യയിൽ നിന്ന് സൗദി അറേബ്യ ഇറക്കുമതി ചെയ്യുന്നു.
സൗദി അറേബ്യയിലേക്കുള്ള ഇന്ത്യൻ നിക്ഷേപ പ്രവാഹം 2023-ൽ 460 ശതമാനം വർധിച്ച് 210 കോടി റിയാലിലെത്തി. ഒരു വർഷത്തിൽ സൗദിയിലെത്തുന്ന ഏറ്റവും ഉയർന്ന ഇന്ത്യൻ നിക്ഷേപമാണിതെന്ന് സൗദി നിക്ഷേപ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സൗദിയിലെ ആകെ ഇന്ത്യൻ നിക്ഷേപം 1,030 കോടി റിയാലായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും പ്രാദേശിക സ്ഥിരത, ഊർജ സുരക്ഷ, സാമ്പത്തിക വളർച്ച എന്നിവയിൽ ഇരു രാജ്യങ്ങളും പങ്കുവെക്കുന്ന താൽപര്യങ്ങൾ അടിസ്ഥാനമാക്കി പുതിയ കരാറുകളിൽ കലാശിക്കുമെന്നും സൗദിയിലെ ഇന്ത്യൻ അംബാസഡർ സുഹൈൽ അജാസ് ഖാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യസൗദി ബന്ധത്തിൽ പുതിയ അധ്യായം അടയാളപ്പെടുത്തുന്ന ഈ സന്ദർശനം സാമ്പത്തിക, പ്രതിരോധ, സാംസ്‌കാരിക തലങ്ങളിലേക്ക് വ്യാപിക്കുന്ന സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുമെന്ന് അംബാസഡർ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. 2024-ന്റെ തുടക്കം മുതൽ മാത്രം സൗദി അറേബ്യയിലേക്കുള്ള ഇന്ത്യൻ മന്ത്രിതല സന്ദർശനങ്ങളുടെ എണ്ണം 11 ആയി. മുമ്പ് രണ്ടു തവണ റിയാദ് സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത് പ്രധാനമന്ത്രിയുടെ ആദ്യ ജിദ്ദ സന്ദർശനമാണ്. സൗദി അറേബ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നു. ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്.
സൗദി അറേബ്യയിൽ ഏകദേശം 27 ലക്ഷം ഇന്ത്യക്കാർ കഴിയുന്നുണ്ടെന്നും അവർ സൗദിയുടെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അംബാസഡർ അഭിപ്രായപ്പെട്ടു. ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതിയൊരു ഗതിയൊരുക്കുന്നതിൽ ജനകീയ ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും പ്രശംസനീയ പങ്ക് വഹിക്കുന്നു. സൗദിയിലെ ഇന്ത്യൻ സമൂഹം സൗദി അറേബ്യയുടെ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതായും അംബാസഡർ പറഞ്ഞു.