ന്യൂഡൽഹി– ലോകത്തുനിന്ന് ഇസ്‌ലാം മതത്തെ പൂർണ്ണമായും തുടച്ചുനീക്കുകയാണ് തന്റെ ലക്ഷ്യമെന്ന വിവാദ പ്രസ്താവനയുമായി സംഘപരിവാർ നേതാവ് സ്വാമി ആനന്ദ് സ്വരൂപ് രംഗത്ത്. ഒരു പ്രത്യേക മതവിഭാഗത്തെ പരസ്യമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്.
ഇസ്‌ലാം മതത്തെ ഇല്ലാതാക്കുക എന്നത് തന്റെ ജാതകത്തിൽ പണ്ടേ എഴുതപ്പെട്ട കാര്യമാണെന്നും, കുട്ടിക്കാലം മുതൽ താൻ കണ്ട സ്വപ്നമാണിതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. ഇതിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചതായും വീഡിയോയിൽ ഇദ്ദേഹം പറയുന്നുണ്ട്. തനിക്ക് വ്യക്തിപരമായി മുസ്‌ലിംകളോട് വെറുപ്പില്ലെന്ന് പറയുന്നുണ്ടെങ്കിലും ഒരു മതത്തെ പൂർണ്ണമായി ഇല്ലാതാക്കുമെന്ന ഇദ്ദേഹത്തിന്റെ വാക്കുകൾ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
ഒരു വിശ്വാസ പ്രമാണത്തെ നേരിട്ട് ആക്രമിക്കുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ സർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും, ഇത്തരം വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ മൗനം പാലിക്കുന്നത് അപകടകരമാണെന്നും വിമർശനം ഉയരുന്നുണ്ട്. രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ വേണമെന്നാണ് വിവിധ കോണുകളിൽ നിന്നുള്ള ആവശ്യം.



