നാഗ്പൂർ-ജയിലിൽനിന്ന് ജീവനോടെ പുറത്തുവരാൻ കഴിഞ്ഞത് വലിയ അത്ഭുതമാണെന്ന് ദൽഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ സായിബാബ. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിനെ തുടർന്ന് നാഗ്പൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂരമായ’ ജയിൽ ജീവിതം അനുഭവിച്ചിട്ടും ജീവനോടെ പുറത്തുവരാൻ കഴിഞ്ഞത് അത്ഭുതകരമാണെന്നും സായിബാബ പറഞ്ഞു. കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ചൊവ്വാഴ്ചയാണ് സായിബാബയുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയത്.
ഞാൻ ജീവനോടെ പുറത്തുവരാതിരിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു- സായിബാബ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്രൂരവും കർക്കശവുമായ പെരുമാറ്റമാണ് എട്ടുവർഷമായി ജയിലിൽ താൻ അനുഭവിച്ചത്. വീൽചെയറിൽനിന്ന് എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. സ്വന്തമായി ടോയ്‌ലറ്റിൽ പോകാൻ കഴിഞ്ഞില്ല. കുളിക്കാൻ കഴിഞ്ഞില്ല, ഇന്ന് ഞാൻ ജയിലിൽ നിന്ന് ജീവനോടെ പുറത്തുവന്നത് അതിശയകരമാണ്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജീവിതത്തിന്റെയും എന്റെ കൂട്ടുപ്രതിയുടെ ജീവിതത്തിന്റെയും പത്ത് വർഷമാണ് ഈ കേസ് കവർന്നെടുത്തത്. ആരാണ് അവ തിരികെ നൽകുകയെന്നും അദ്ദേഹം ചോദിച്ചു.
മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ ഒരു വിചാരണ കോടതി ശിക്ഷിച്ചതിന് ശേഷം 2017 മുതൽ സായിബാബ നാഗ്പുർ ജയിലിൽ കഴിയുകയായിരുന്നു. നേരത്തെ 2014 മുതൽ 2016 വരെ ജയിൽ വാസം അനുഭവിച്ചു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.