ഹൈദരാബാദ്: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് 2014-ൽ മഹാരാഷ്ട്ര സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച പ്രൊഫസർ ജിഎൻ സായിബാബ അന്തരിച്ചു. കുറ്റവിമുക്തനാക്കപ്പെട്ട സായിബാബ ഏഴ് മാസം മുമ്പാണ് ജയിൽ മോചിതനായത്. ഒരു ദശാബ്ദത്തോളം ജയിൽവാസം അനുഭവിച്ച ശേഷം പുറത്തിറങ്ങിയ സായിബാബ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളാൽ വലയുകയായിരുന്നു.സെപ്തംബർ 28-ന് നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (നിംസ്) നടത്തിയ പിത്താശയ ശസ്ത്രക്രിയയെ തുടർന്നുണ്ടായ സങ്കീർണതകളാണ് മരണത്തിലേക്ക് നയിച്ചത്. ശനിയാഴ്ച രാത്രി 8.45 ഓടെയാണ് അന്തരിച്ചത്. 56 വയസ്സായിരുന്നു.
പിത്താശയം നീക്കം ചെയ്ത ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും പിന്നീട് അണു ബാധയുണ്ടാകുകയായിരുന്നു. ഒക്‌ടോബർ 10-ന് നിംസിലെ ഡോക്ടർമാർ ശസ്ത്രക്രിയാ ഘട്ടത്തിൽ അണുബാധയെത്തുടർന്ന് ആന്തരികമായി അടിഞ്ഞുകൂടിയ പഴുപ്പും ദ്രാവകവും നീക്കം ചെയ്യാനുള്ള സർജറി നടത്തിയിരുന്നു. വീക്കം മൂലം കഠിനമായ വേദന അനുഭവപ്പെട്ട അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേക്ക് മാറ്റി. സർജറി ചെയ്ത സ്ഥലത്ത് ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. ഇത് വയറിലെ വീക്കത്തിലേക്കും ബിപിയിലേക്കും നയിച്ചു.
ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10 മണിയോടെ വൃക്കകളുടെ പ്രവർത്തനം നിലച്ച സായിബാബയുടെ ആരോഗ്യനില ഗുരുതരമായി. വൈകുന്നേരം വരെ അദ്ദേഹം ഡയാലിസിസിന് വിധേയനായിരുന്നു, പക്ഷേ രക്തസമ്മർദ്ദം സ്ഥിരമായിരുന്നില്ല. ശരീരം വെൻ്റിലേറ്ററിനോട് നന്നായി പ്രതികരിക്കുകയും ചെയ്തില്ല.
ഒരു മാസം മുമ്പ്, പ്രൊഫസർ സായിബാബ ബഷീർബാഗ് പ്രസ് ക്ലബിൽ മാധ്യമങ്ങളുമായി സംസാരിച്ചിരുന്നു. ജയിലിനുള്ളിലെ അനുഭവങ്ങളെക്കുറിച്ചും 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ തട്ടിക്കൊണ്ടുപോയി ജയിലിലടച്ചതെങ്ങനെയെന്നും അദ്ദേഹം വിശദമായി സംസാരിക്കുകയും ചെയ്തു. ദൽഹി സർവ്വകലാശാലയിലെ തൻ്റെ അദ്ധ്യാപക ജോലി പുനഃസ്ഥാപിക്കാമെന്നും അവസാന ശ്വാസം വരെ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.