ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപോ അമേരിക്കൻ ഭരണകൂടമോ ഇടപെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാർലമെന്റിൽ. ഇന്ത്യയുടെയും പാകിസ്താന്റെയും സൈനികകാര്യ ഡയറക്ടർ ജനറൽമാർ തമ്മിലുള്ള സംഭാഷണത്തെ തുടർന്നാണ് മെയ് 10-ന് വെടിനിർത്തിയതെന്നും ഇന്ത്യയുടെ സൈനിക നടപടിക്ക് 193 രാജ്യങ്ങളുടെ പിന്തുണ ഉണ്ടായിരുന്നുവെന്നും ജയശങ്കർ പറഞ്ഞു. ഓപറേഷൻ സിന്ദൂർ സംബന്ധിച്ച പാർലെന്റ് ചർച്ചയിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനമറിയിക്കാൻ ട്രംപ് ഏപ്രിൽ 220-ന് പ്രധാനമന്ത്രിയെ വിളിച്ചിരുന്നു. മെയ് 17-ന്, കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പരസ്പരം കാണാൻ കഴിയില്ല എന്ന കാര്യം വിശദീകരിക്കുന്നതിനു വേണ്ടിയും യുഎസ് പ്രസിഡണ്ട് വിളിച്ചു. ഈ സയമങ്ങളിലല്ലാതെ ട്രംപും പ്രധാനമന്ത്രിയും തമ്മിൽ ഫോണിൽ സംസാരിച്ചിട്ടില്ല. അമേരിക്കയുമായുള്ള സംഭാഷണങ്ങളിൽ ഒരിടത്തും ഈ വിഷയം ചർച്ച ചെയ്തിട്ടില്ല.’ – അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ തന്റെ മധ്യസ്ഥതയിലാണ് നടന്നതെന്ന് ഇരുപതിലേറെ തവണ ട്രംപ് അവകാശപ്പെട്ടിരുന്നു.
ഓപറേഷൻ സിന്ദൂറിലൂടെ വളരെ വ്യക്തമായ സന്ദേശമാണ് ഇന്ത്യ ലോകത്തിന് നൽകിയതെന്നും അതിർത്തി കടന്നുള്ള ഭീകരവാദത്തോട് ഒരുതരത്തിലുള്ള മമതയും കാണിക്കില്ലെന്നും ജയശങ്കർ പറഞ്ഞു. ആണവായുധം കാണിച്ചുള്ള വിരട്ടലിനു മുന്നിൽ ഭയക്കില്ല. ഭീകരവാദവും നല്ല അയൽബന്ധവും തമ്മിൽ ഒന്നിച്ചു പോവില്ല. വെള്ളവും രക്തവും ഒന്നിച്ച് ഒഴുകില്ല. ജയശങ്കർ പറഞ്ഞു.
പാകിസ്താനും മൂന്ന് രാജ്യങ്ങളുമൊഴികെ ലോകത്തെ മിക്ക രാജ്യങ്ങളും ഇന്ത്യയുടെ നിലപാടിനൊപ്പമാണ് നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.