ന്യൂഡല്‍ഹി: കീവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മരുന്ന് കമ്പനിയായ കുസുമിന്റെ സംഭരണശാല റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നെന്ന് യുക്രൈന്‍. ഇന്ത്യയോട് പ്രത്യേക സൗഹൃദമാണെന്ന് പറയുന്ന റഷ്യ കീവിലെ ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളെ മനപ്പൂര്‍വ്വം ലക്ഷ്യമിടുകയാണെന്നും ഇന്ത്യയിലെ യുക്രൈന്‍ എംബസി ആരോപിക്കുന്നു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമുള്ള മരുന്നുകളാണ് റഷ്യ നശിപ്പിച്ചതെന്നും എംബസി പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യന്‍ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കുസും. യുക്രൈനിലെ ഏറ്റവും വലിയ മരുന്ന് കമ്പനികളിലൊന്നാണിത്. അടിസ്ഥാന മരുന്നകള്‍ യുക്രൈനിലുടനീളം ലഭ്യമാക്കുന്ന കമ്പനി എന്ന നിലയില്‍ കുസുമിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അതേസമയം മിസൈല്‍ അല്ല, ഡ്രോണ്‍ ആണ് മരുന്ന് കമ്പനിക്കുമേല്‍ ആക്രമണം നടത്തിയതെന്നും റിപോര്‍ട്ടുണ്ട്.