ബെംഗളൂരു– കർണാടകയിലെ ഹോസ്‌കോട്ടെയിൽ കാറും ബൈക്കും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അതിഭീകരമായ അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഹോസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയ പാതയിൽ എം. സത്യവാര ഗ്രാമത്തിന് സമീപമായിരുന്നു ദുരന്തം.
വർക്കല ചെറുന്നിയൂർ സ്വദേശി അശ്വിൻ നായർ (17), പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയും ബെംഗളൂരു കൊത്തന്നൂരിൽ സ്ഥിരതാമസക്കാരനുമായ ഈഥൻ ജോർജ് (17) എന്നിവരാണ് മരിച്ച മലയാളി വിദ്യാർത്ഥികൾ. ഇരുവരും ബെംഗളൂരു ആർ.വി പിയു കോളേജ് വിദ്യാർത്ഥികളാണ്. ഇവരെ കൂടാതെ സുഹൃത്തുക്കളായ അയാൻ അലി (17), ഭരത് (18), ഫർഹാൻ, ബൈക്ക് യാത്രികനായ ഗഗൻ (26) എന്നിവരും അപകടത്തിൽ മരിച്ചു.
ഹോസ്‌കോട്ടിൽ നിന്ന് ദേവനഹള്ളി ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന കാർ ആദ്യം മുന്നിലുണ്ടായിരുന്ന മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ അതേ ദിശയിൽ പോവുകയായിരുന്ന കാന്റർ ട്രക്കിന് പിന്നിലേക്ക് ഇടിച്ചു കയറി. കാർ പൂർണ്ണമായും തകർന്നുപോയി. കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗഗൻ എന്ന യുവാവാണ് മരിച്ച ബൈക്ക് യാത്രികൻ. കാഴ്ചപരിമിതിയുള്ള മാതാവിന്റെ ഏക തണലായിരുന്നു ഇദ്ദേഹം.
അമിതവേഗതയാണ് അപകടകാരണമെന്ന് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നു. ഐജിപി ലാഭു റാം, എസ്പി ചന്ദ്രകാന്ത് എന്നിവർ സ്ഥലം സന്ദർശിച്ചു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ഓൾ ഇന്ത്യ കെ.എം.സി.സി (AIKMCC), കേരള സമാജം പ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കും തുടർനടപടികൾക്കും നേതൃത്വം നൽകി.
മൃതദേഹങ്ങൾ എം.വി.ജെ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അശ്വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഈഥൻ ജോർജിന്റെ സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കമ്മനഹള്ളി സെന്റ് ജെയിംസ് സി.എസ്.ഐ മലയാളം ചർച്ചിൽ നടക്കും. തുടർന്ന് ഹൊസൂർ റോഡ് ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.



