ന്യൂദൽഹി: അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക X ഹാൻഡിലിന് ഇന്ത്യയിൽ വിലക്ക്. “നിയമപരമായ ആവശ്യം” കാരണമാണ് ഇന്ത്യയിലെ എക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള കാരണം എന്നാണ് വിശദീകരണം. അതേസമയം, ഇതുസംബന്ധിച്ച് റോയിട്ടേഴ്‌സ് ഇതുവരെ ഒരു പ്രസ്താവനയും നൽകിയിട്ടില്ല. അക്കൗണ്ടിലേക്ക് പ്രവേശനം ലഭിക്കുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്‌തു. റോയിട്ടേഴ്‌സ് വേൾഡിന്റെ എക്‌സ് അക്കൗണ്ടും ഇന്ത്യയിൽനിന്ന് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ല.
ഇന്ത്യയിൽ പ്രധാന @Reuters X അക്കൗണ്ട് ബ്ലോക്ക് ചെയ്‌തിട്ടുണ്ടെങ്കിലും, റോയിട്ടേഴ്‌സ് ടെക് ന്യൂസ്, റോയിട്ടേഴ്‌സ് ഫാക്റ്റ് ചെക്ക്, റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ്, റോയിട്ടേഴ്‌സ് ഏഷ്യ, റോയിട്ടേഴ്‌സ് ചൈന എന്നിവയുൾപ്പെടെ നിരവധി അനുബന്ധ ഹാൻഡിലുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്നുണ്ട്.
മറ്റ് രാജ്യങ്ങളിൽനിന്ന് അക്കൗണ്ട് ഇപ്പോഴും ആക്‌സസ് ചെയ്യാൻ കഴിയുന്നുണ്ട്. ബ്ലോക്ക് താൽക്കാലികമാണോ സ്ഥിരമാണോ, പ്ലാറ്റ്‌ഫോമിനെതിരെ പുറപ്പെടുവിച്ച ഒരു പ്രത്യേക റിപ്പോർട്ടുമായോ നിയമ ഉത്തരവുമായോ ബന്ധപ്പെട്ടതാണോ എന്ന് ഇതുവരെ അറിവായിട്ടില്ല. തോംസൺ റോയിട്ടേഴ്‌സിന്റെ വാർത്താ, മാധ്യമ വിഭാഗമാണ് റോയിട്ടേഴ്‌സ്. 200-ലധികം രാജ്യങ്ങളിലായി 2,600 പത്രപ്രവർത്തകരാണ് റോയിട്ടേഴ്സിൽ ജോലി ചെയ്യുന്നത്.