ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയും വനം മന്ത്രി പൊൻമുടിയും ഞായറാഴ്ച ഗവർണർ ആർ.എൻ രവിക്ക് രാജി സമർപ്പിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പണം തട്ടിയെന്ന കേസിൽ സെന്തിൽ ബാലാജി ഇ.ഡി അന്വേഷണം നേരിടുന്നുണ്ട്. സമീപകാല പരാമർശങ്ങളുടെ പേരിൽ പൊൻമുടി പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനം നേരിട്ടിരുന്നു.
ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറിന് വൈദ്യുതി വകുപ്പും ഭവന മന്ത്രി എസ്. മുത്തുസാമിക്ക് എക്‌സൈസ് വകുപ്പും അധികമായി നൽകി. വനം, ഖാദി വകുപ്പുകളുടെ ചുമതല ആർ.എസ് രാജകണ്ണപ്പൻ വഹിക്കും. കൂടാതെ ടി മനോ തങ്കരാജിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ശുപാർശ ചെയ്തു.
ഇ.ഡി കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ ബാലാജി, ദിവസങ്ങൾക്ക് ശേഷം മന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നു. ഇതിനെതിരെ സുപ്രീം കോടതി അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചു. മന്ത്രിയാകുന്നത് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ അവസരം നൽകുമെന്നായിരുന്നു ഇ.ഡിയുടെ വാദം.
ഒരു പൊതുപരിപാടിക്കിടെ സ്ത്രീകളെ, അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് പൊന്മുടി കടുത്ത വിമർശനം നേരിടുന്നുണ്ട്. തന്റെ പരാമർശങ്ങളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു, എന്നാൽ പ്രതിപക്ഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മദ്രാസ് ഹൈക്കോടതിയും പൊന്മുടിയെ ശാസിച്ചിരുന്നു. വിവാദ പ്രസ്താവന സ്വമേധയാ പരിഗണിച്ച കോടതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാൻ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.