കൊൽക്കത്ത- പശ്ചിമബംഗാളിലെ മുൻ മന്ത്രി അബ്ദുൽ റസാഖ് മൊല്ല അന്തരിച്ചു. 81 വയസായിരുന്നു. നിലവിൽ തൃണമൂൽ കോൺഗ്രസ് നേതാവായ റസാഖ് മൊല്ല നേരത്തെ സി.പി.എം നേതാവായിരുന്നു. കാൽനൂറ്റാണ്ടോളം ബംഗാളിൽ മന്ത്രിയായും പ്രവർത്തിച്ചു. ഭൂമി-ഭൂപരിഷ്കരണ മന്ത്രിയായാണ് ഏറെക്കാലം പ്രവർത്തിച്ചിരുന്നത്. സുഹൈബുൽ ഹഖ് മൊല്ലയുടെ മകനായി കർഷക കുടുംബത്തിലായിരുന്നു അബ്ദുൽ റസാഖ് മൊല്ലയുടെ ജനനം. കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകർഷിതനായ മൊല്ല, കർഷക പ്രസ്ഥാനത്തിലൂടെയാണ് പാർട്ടി സേവനം ആരംഭിച്ചത്.
1977 മുതൽ 2011 വരെ കാനിങ് പുർബ മണ്ഡലത്തിൽ നിന്ന് അബ്ദുർ റസാഖ് മൊല്ല നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2011-ലെ തിരഞ്ഞെടുപ്പിൽ തന്റെ സീറ്റ് നിലനിർത്തിയ ചുരുക്കം സി.പി.എം മന്ത്രിമാരിൽ ഒരാളായിരുന്നു മൊല്ല. 2014 ഫെബ്രുവരിയിൽ, സി.പി.ഐ.(എം) വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് കമ്മിറ്റി, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ റസാഖ് മൊല്ലയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. 2014 ഒക്ടോബർ 18-ന് ഭാരതീയ നവബിച്ചാർ പാർട്ടി (ബി.എൻ.പി) എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.
എന്നാൽ, 2016 ജനുവരിയിൽ മമത ബാനർജിയുമായും തൃണമൂൽ കോൺഗ്രസുമായും ബന്ധം സ്ഥാപിച്ചതിന്റെ പേര് പറഞ്ഞ് ബി.എൻ.പിയിൽ നിന്ന് പുറത്താക്കി. 2016 ഫെബ്രുവരിയിൽ ഔദ്യോഗികമായി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഭംഗാർ മണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിയാക്കി.