പത്തനംതിട്ട- കോൺഗ്രസ് ജില്ല നേതൃയോഗത്തിൽ യൂത്ത് കോൺഗ്രസിനെയും നേതൃത്വത്തെയും വിമർശിച്ച് സംസാരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന് അതേ വേദിയിലിരുത്തി മറുപടി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. എംഎൽഎ കുടുംബസംഗമങ്ങളിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുറവുള്ളു എന്നും തെരുവിലെ സമരങ്ങളിൽ കുറവില്ലെന്നും രാഹുൽ പറഞ്ഞു.
പിജെ കുര്യൻ വിമർശനം ഉന്നയിക്കുമ്പോൾ തന്നെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴയിലെ സമര രംഗത്ത് പോലീസിന്റെ മർദനമേറ്റ് വാങ്ങുകയാണെന്നും നാട് ആഗ്രഹിക്കുന്ന സർക്കാറിനെ മടക്കുകൊണ്ടുവരാനുള്ള എല്ലാ പ്രവർത്തനങ്ങളും യൂത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
യുവനേതൃത്ത്വം കൂടി ഉൾകൊള്ളുന്ന പക്വതയുള്ള മുതിർന്ന കോൺഗ്രസ് നേതൃത്വം സംസ്ഥാനത്തും പത്തനംതിട്ട ജില്ലയിലും രൂപപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അടുത്ത കെപിസിസി അധ്യക്ഷൻ വരുമ്പോൾ പത്തനംതിട്ട ജില്ലയിൽ നിന്ന് അഞ്ച് എംഎൽഎമാരെ സൃഷ്ടിക്കുമെന്നും അതിന് മനക്കരുത്തുള്ള പ്രവർത്തകർ ജില്ലയിലുണ്ടെന്നും രാഹുൽ മാങ്കൂട്ടം കൂട്ടിചേർത്തു.
നിങ്ങൾ എസ്എഫ്ഐയെ കണ്ടില്ലേ എന്നും, അവർ ക്ഷുഭിത യൗവ്വനത്തെ കൂടെ നിർത്തുകയാണെന്നും ആയിരുന്നു പിജെ കുര്യൻ പറഞ്ഞത്. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ടിവിയിൽ മാത്രം കണ്ടാൽ പോരെന്നും താഴെ തട്ടിൽ ഇറങ്ങി പണി എടുക്കണമെന്നും, മണ്ഡലങ്ങളിലിറങ്ങി 25 പേരെയെങ്കിലും സംഘടിപ്പിച്ചില്ലെങ്കിൽ അടുത്ത വർഷം ഭരണം ലഭിക്കില്ലെന്നും കുര്യൻ വിമർശനം ഉന്നയിക്കുമ്പോൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വേദിയിലുണ്ടായിരുന്നു.
ഇതിന് പുറമേ, സംസ്ഥാന സർക്കാറിനെതിരേ ശക്തമായ പ്രചാരണം നടക്കുമ്പോഴും സിപിഎമ്മിന്റെ സംഘടനാസംവിധാനം അടിയുറച്ചതാണെന്നും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ അഭിപ്രായം മാനിച്ചിരുന്നെങ്കിൽ മൂന്ന് സീറ്റില്ലെങ്കിലും വിജയിക്കാമായിരുന്നെന്നും അടൂർ പ്രകാശ് അടക്കമുള്ള നേതാക്കൾ തന്റെ വാക്ക് അവഗണിച്ചെന്നും പിജെ കുര്യൻ കൂട്ടിചേർത്തു. ഇത്തവണയും സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കാനാണ് ശ്രമമെങ്കിൽ വലിയ പരാജയം കാത്തിരിക്കുകയാണെന്നും അദ്ദേോഹം പരിപാടിയിൽ പറഞ്ഞു.