ന്യൂഡൽഹി – ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഡൽഹി എഐസിസി ആസ്ഥാനത്ത് തുടങ്ങി. ഒരു സംസ്ഥാനം തന്നെ തട്ടിയെടുത്ത ഏറ്റവും വലിയ വോട്ട് കൊള്ളക്കാണ് ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തെളിവുകൾ സഹിതം അവതരിപ്പിച്ച രാഹുൽ ഗാന്ധി, ഹരിയാനയിൽ മാത്രം 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ ഉണ്ടെന്ന് അവകാശപ്പെട്ടു. 25 ലക്ഷം കള്ളവോട്ടുകൾ കണ്ട തെരഞ്ഞെടുപ്പിൽ എല്ലാ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ച കഥയാണെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഒരേ ഫോട്ടോ ഉപയോഗിച്ച് വോട്ട് ചെയ്ത 1,24,177 വോട്ടർമാർ ഹരിയാനയിൽ ഉണ്ട്. പത്ത് ബൂത്തുകളിൽ 22 തവണ വോട്ട് രേഖപ്പെടുത്തിയതായി രാഹുൽ തെളിവ് സഹിതം വെളിപ്പെടുത്തി. ബ്രീസലിയൻ മോഡലിൻ്റെ പേരിലും സംസ്ഥാനത്ത് വലിയ വ്യാജ വോട്ടുകൾ നടന്നു.
രണ്ട് ബൂത്തുകളിലായി ഒരു വോട്ടർ 223 തവണ വരെ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. “ഹരിയാനയിൽ ആയിരക്കണക്കിന് ഉദാഹരണങ്ങളുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലും ഹരിയാനയിലും ആയിരക്കണക്കിന് ആളുകൾ വ്യാജമായി വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചില ബിജെപി നേതാക്കൾ പോലും രണ്ട് സംസ്ഥാനങ്ങളിലും വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വോട്ടർ പട്ടികയിൽ വോട്ടർമാരെ ചേർക്കുമെന്ന് കേരള ബിജെപി വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ അവകാശപ്പെടുന്ന വീഡിയോയും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വ്യാപകമായി വോട്ടർമാരെ ചേർക്കുമെന്ന് ബി. ഗോപാലകൃഷ്ണൻ വീഡിയോയിൽ പറയുന്നുണ്ട്.
ഹരിയാനയിൽ നടന്നത് തെരഞ്ഞെടുപ്പ് അല്ല വോട്ടു കൊള്ളയാണ്. ജനാധിപത്യത്തെ തകർത്തു. തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സഹായത്തോടുകൂടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ബിജെപിക്കായി നിലകൊണ്ടു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കമ്മീഷനും ചേർന്ന് നടത്തിയ വോട്ടുകൊള്ളയാണിതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.



