ന്യൂഡൽഹി– പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണവും അതിനു പിന്നാലെയുള്ള ഇന്ത്യ-പാക് സംഘർഷവും അനേക കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ, പൂഞ്ച് മേഖലയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തീരുമാനിച്ചു.
പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെയോ കുടുംബത്തിലെ ഏക ആശ്രയത്തെയോ നഷ്ടപ്പെട്ട 22 കുട്ടികളുടെ വിദ്യാഭ്യാസം മുതൽ എല്ലാ ആവശ്യങ്ങളും ഇനി മുതൽ രാഹുൽ ഗാന്ധിയുടെ സംരക്ഷണത്തിലായിരിക്കും. ഈ കാര്യം ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കർറയാണ് അറിയിച്ചത്.
മേയ് മാസത്തിൽ രാഹുൽ ഗാന്ധി പൂഞ്ച് സന്ദർശിച്ചപ്പോൾ, ദുരിതം നേരിട്ട കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ അദ്ദേഹം പാർട്ടി സംസ്ഥാന സമിതിയോട് നിർദേശിച്ചിരുന്നു. പിന്നീട് പ്രാദേശിക നേതൃത്വത്തിന്റെ സഹായത്താൽ, സർവേ നടത്തി, ആവശ്യമായ രേഖകൾ പരിശോധിച്ച്, അനുയോജ്യരായ കുട്ടികളുടെ അന്തിമ പട്ടിക തയ്യാറാക്കി.
ഈ കുട്ടികൾ ബിരുദം നേടുന്നതുവരെ സഹായം തുടരുമെന്നും, ആദ്യഘട്ട സാമ്പത്തിക സഹായം ബുധനാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് താരിഖ് ഹമീദ് വ്യക്തമാക്കി.
അതേസമയം, ഏപ്രിൽ 22ലെ ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായിരുന്ന ‘ഓപ്പറേഷൻ സിന്ദൂർ’ മെയ് 7ന് ഇന്ത്യൻ സായുധ സേന ആരംഭിച്ചിരുന്നു. ഈ ഓപ്പറേഷനിൽ പാക് അധീന ജമ്മു കശ്മീരിലെയും പാകിസ്ഥാനിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തിരുന്നു