ന്യൂദൽഹി: പ്രതിപക്ഷ നേതാവിന്റെ അവകാശങ്ങൾ അനുവദിക്കാതെയും ഉത്തരവാദിത്വങ്ങൾ ചെയ്യാൻ അനുവദിക്കാതെയുമാണ് ഉത്തർ പ്രദേശ് പോലീസ് തന്നോട് പെരുമാറിയതെന്ന് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ സംഭാലിൽ രണ്ടാഴ്ച മുമ്പ് പള്ളി സർവേക്കിടെ അഞ്ചു പേരെ ഉത്തർപ്രദേശ് പോലീസ് വെടിവെച്ചു കൊന്ന പ്രദേശം സന്ദർശിക്കാനാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പുറപ്പെട്ടിരുന്നത്. ഗാസിപുർ അതിർത്തിയിൽ രാഹുലിനെയും പ്രിയങ്കയെയും പോലീസ് തടയുകയും ചെയ്തു.
രാഹുൽ ഗാന്ധിയും പ്രിയങ്കയും അടക്കം അഞ്ചംഗ സംഘമാണ് സംഭാലിലേക്ക് പുറപ്പെട്ടിരുന്നത്. എന്നാൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സംഘം പ്രവേശനം അനുവദിച്ചില്ല. ഒറ്റയ്ക്ക് പോകാമെന്ന് രാഹുൽ പറഞ്ഞെങ്കിലും പോലീസ് അതും അംഗീകരിച്ചില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ എന്റെ ഉത്തരവാദിത്വം നിർവഹിക്കാൻ പോലീസ് അനുവദിക്കുന്നില്ലെന്ന് പിന്നീട് രാഹുൽ കുറ്റപ്പെടുത്തി.
അക്രമങ്ങൾ ഉണ്ടായതിനെത്തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷാഹി ജുമാ മസ്ജിദ് എന്ന മുഗൾകാല പള്ളിയുടെ സ്ഥലം ഹിന്ദു ക്ഷേത്രത്തിന്റെതാണ് എന്ന് അവകാശപ്പെട്ട് ഒരു സംഘം നൽകിയ ഹരജിയിലാണ് ഇവിടെ സർവേ നടത്താൻ കോടതി ഉത്തരവിട്ടത്. ഇത് സംഘർഷത്തിൽ കലാശിക്കുകയും പോലീസ് വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെടുകയും ചെയ്തു. പ്രശ്നം നിലനിൽക്കുന്ന സഹചര്യത്തിൽ പ്രദേശത്തേക്ക് പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. ഡിസംബർ 31 വരെ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.
സംഭവത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ രംഗത്തെത്തി. “ദു:ഖം അനുഭവിച്ചവരോടൊപ്പം നിൽക്കുക എന്നത് മനുഷ്യന്റെ അടിസ്ഥാന കർത്തവ്യമാണ്. രാഹുൽ ഗാന്ധിയുടെ ആശയം ‘നഫ്രത്ത് കേ ബസാർ മേൻ മൊഹബ്ബത് കീ ദുക്കാൻ’ ആണ്. സഹതാപവും, സ്നേഹവും പടർത്തുക എന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.