ന്യൂഡൽഹി– വോട്ട് മോഷണത്തിനെതിരെ പ്രതിഷേധം പാർലമെന്റിലും ശക്തമാവുന്നു. വോട്ടര്‍പട്ടിക ക്രമക്കേട് പാര്‍ലമെന്റില്‍ ഉന്നയിച്ച് നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും പിരിഞ്ഞു. ഉച്ചക്ക് രണ്ട് മണിവരെയാണ് പിരിഞ്ഞത്. അതിനിടെ വോട്ടര്‍പട്ടിക ക്രമേക്കേടില്‍ പരാതിക്കാരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉച്ചക്ക് 12 മണിക്ക് കൂടിക്കാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ 30 പേര്‍ക്ക് പങ്കെടുക്കാൻ ആണ് അനുമതി നൽകിയിരിക്കുന്നത്.
അതേസമയം, രാജ്യവ്യാപകമായി വോട്ട് മോഷണം (വോട്ട് ചോരി) ക്യാമ്പയിൻ തുടരുകയാണ്. ബിജെപി സര്‍ക്കാറിനെതിരെ വോട്ട് അട്ടിമറി ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് കോൺഗ്രസ് നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്.
ഇതിന്റെ ഭാഗമായി votechori.in എന്ന വെബ്‌സൈറ്റിലൂടെയും 9650003420 എന്ന നമ്പര്‍ മുഖേനയും മിസ്സ്ഡ് കോളിലൂടെയും കാമ്പയിനില്‍ ആർക്കും പങ്കാളികളാകാം.
എല്ലാവരും രജിസ്റ്റർ ചെയ്ത് ഈ പോരാട്ടത്തിൽ പങ്കാളിത്തം വഹിക്കണമെന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തു. ജനാധിപത്യം നില നിർത്താനുള്ള പോരാട്ടം ആണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി ഏജന്റിനെ പോലെ പെരുമാറുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.