ബംഗളൂരു- സ്ത്രീകളുടെ മംഗളസൂത്രം അധികാരത്തിലെത്തിയാൽ കോൺഗ്രസ് തട്ടിയെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത് വർഷമായെന്നും ഇതിൽ 50 വർഷം കോൺഗ്രസ് ഭരിച്ചിട്ടും ഇങ്ങിനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്നും പ്രിയങ്ക ചോദിച്ചു.
എന്റെ അമ്മയുടെ മംഗളസൂത്രം ഈ രാജ്യത്തിന് വേണ്ടി തൃജിച്ചതാണ്. എന്റെ മുത്തശ്ശിയുടെ സ്വർണം ഈ രാജ്യം സംരക്ഷിക്കാനുള്ള യുദ്ധത്തിന് വേണ്ടി സംഭാവന ചെയ്തതാണ്-പ്രിയങ്ക പറഞ്ഞു.
ഭ്രാന്തൻ സംസാരവും ആവശ്യങ്ങളുമാണ് മോഡി നടത്തുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. ടെലിവിഷൻ ഓണാക്കുമ്പോഴെല്ലാം ഇതാണ് കേൾക്കുന്നത്. 400 കടക്കുമെന്നും ഭരണഘടന മാറ്റുമെന്നുമാണ് മോഡി പറയുന്നത്. ചിലപ്പോൾ താൻ അധിക്ഷേപിക്കപ്പെടുകയാണെന്നും മോഡി പറയുന്നു.
“നിങ്ങളുടെ സ്വർണ്ണം, നിങ്ങളുടെ മംഗളസൂത്രം എടുത്തുകളയാൻ കോൺഗ്രസിന് താൽപ്പര്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. രാജ്യം സ്വതന്ത്രമായി 70 വർഷമായി. 50 വർഷം കോൺഗ്രസ് ഭരിച്ചു. നിങ്ങളുടെ സ്വർണ്ണമോ മംഗളസൂത്രമോ ആരെങ്കിലും തട്ടിയെടുത്തോ? യുദ്ധം നടക്കുമ്പോൾ ഇന്ദിരാഗാന്ധി അവരുടെ സ്വർണം രാജ്യത്തിന് നൽകി, എൻ്റെ അമ്മയുടെ മംഗളസൂത്രം ഈ രാജ്യത്തിന് വേണ്ടി ത്യജിച്ചതാണ്- പ്രിയങ്കകഗാന്ധി വ്യക്തമാക്കി.