ന്യൂദല്‍ഹി: രാജ്യത്തെ വഖഫ് സ്വത്തുകള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് വഴികളൊരുക്കുന്ന വിവാദ വഖഫ് ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്തതിന് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് മുസ്ലിം മതമൗലികവാദികളെ പ്രീണിപ്പിക്കുകയാണെന്നും വഖഫ് നിയമത്തെ എതിര്‍ത്തത് ഇതാണ് തെളിയിക്കുന്നതെന്നും മോഡി ആരോപിച്ചു. ഹരിയാനയില്‍ പുതുതായി നിര്‍മ്മിച്ച ഹിസാര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കോണ്‍ഗ്രസിനെ രാഷ്ട്രീയമായി കടന്നാക്രമിച്ചത്. ഇങ്ങനെ പ്രീണിപ്പിക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് ഒരു മുസ്ലിമിനെ പാര്‍ട്ടി അധ്യക്ഷനാക്കിയില്ലെന്നും മോഡി ചോദിച്ചു.
കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയം മുസ്ലിംകള്‍ക്ക് ദോഷമാണ് ചെയ്തത്. കോണ്‍ഗ്രസ് മതമൗലികവാദികളെ തൃപ്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്. ബാക്കിയുള്ള മുസ്ലിം സമുദായം ദരിദ്രരായും വിദ്യാഭ്യാസമില്ലാത്തവരായും തുടര്‍ന്നു. വഖഫ് നിയമത്തിലെ കോണ്‍ഗ്രസിന്റെ നിലപാടാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമെന്നും മോഡി പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കോണ്‍ഗ്രസ് വഖഫ് നിയമത്തില്‍ ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്തി. ഇത് ഭരണഘടനയെ അട്ടിമറിച്ചു. വോട്ട് ദാഹികളായ കോണ്‍ഗ്രസ് നേതാക്കളോട് എനിക്ക് ചോദിക്കാനുള്ളത്, എന്തുകൊണ്ട് നിങ്ങള്‍ ഒരു മുസ്ലിമിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയില്ല എന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് 50 ശമതാനം സീറ്റുകള്‍ നല്‍കിയില്ല. അവര്‍ ജയിച്ചിരുന്നെങ്കില്‍ അവരുടെ കാര്യം അവര്‍ പറയും. പക്ഷെ കോണ്‍ഗ്രസ് മുസ്ലിംകള്‍ക്ക് ഒന്നും നല്‍കില്ല. അവര്‍ പൗരന്മാരുടെ അവകാശങ്ങള്‍ തട്ടിയെടുക്കും. ആര്‍ക്കും നല്ലതൊന്നും ചെയ്യരുത് എന്നതാണ് അവരുടെ ഉദ്ദേശം, മോഡി പറഞ്ഞു.
ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി വഖഫ് സ്വത്തായുണ്ട്. ഇത് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ മുസ്ലി യുവജനങ്ങള്‍ക്ക് സൈക്കിളിന്റെ പഞ്ചറൊട്ടിച്ച് ജീവിക്കേണ്ടി വരില്ായിരുന്നു. ഈ വഖഫ് സ്വത്തില്‍ നിന്ന് നേട്ടമുണ്ടാക്കിയത് വളരെ കുറഞ്ഞ ഭൂമാഫിയക്കാണ്. ഈ മാഫി ദളിതരുടേയും പിന്നോക്കവിഭാഗക്കാരുടേയും വിധവകളുടേയും ഭൂമി കൊള്ളയടിക്കുകയായിരുന്നു. വഖഫ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ ദരിദ്രരെ കൊള്ളയടിക്കുന്നത് അവസാനിക്കും. പുതിയ വഖഫ് നിയമപ്രകാരം ഗോത്രവിഭാഗക്കാരുടെ ഭൂമി വഖഫ് ബോര്‍ഡിന് തൊടാനാവില്ല. ദരിദ്ര മുസ്ലിംകള്‍ക്കും പസ്മാന്ദ മുസ്ലിംകള്‍ക്കും അവരുടെ അവകാശം ലഭിക്കും. ഇതാണ് സാമൂഹിക നീതിയെന്നും മോഡി പറഞ്ഞു.