ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഇതാദ്യമായാണ് രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയപരിധി നിശ്ചയിക്കുന്നത്. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസിലെ വിധിയിലാണ് ഈ നിര്‍ദേശം. മൂന്ന് മാസത്തില്‍ കൂടുതല്‍ കാലതാമസമുണ്ടായാല്‍ രാഷ്ട്രപതി മതിയായ കാരണം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണം. രാഷ്ട്രപതിയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെങ്കില്‍ രാഷ്ട്രപതിക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ജെ ബി പര്‍ഡിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവടരങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ ഉത്തരങ്ങള്‍ നല്‍കിയും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളുണ്ടെങ്കില്‍ അവ പരിഗണിച്ചും സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ പാസാക്കുന്ന ബില്ലുകള്‍ തീര്‍പ്പാക്കാതെ അനിശ്ചിതമായി നീട്ടി രാഷ്ട്രപതിക്ക് പൂര്‍ണ വീറ്റോ അധികാരം പ്രയോഗിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, രാഷ്ട്രപതിയുടെ അനുമതി ആവശ്യമായി വന്നേക്കാവുന്ന നിയമ നിര്‍മാണത്തിനു മുന്നോടിയായി സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചന നടത്തണമെന്നും സുപ്രീം കോടതി നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ അയക്കുന്ന ബില്ലുകള്‍ക്ക് കേന്ദ്രം അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്നും നടപടി വേഗത്തിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.